ന്യൂദല്‍ഹി: ഐ ബി, റോ തുടങ്ങിയ ഏജന്‍സികള്‍ക്കുള്ളില്‍ നടക്കുന്ന ലൈംഗിക പീഡനക്കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരാവകാശ നിയമത്തിന് പുറത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഈ ഏജന്‍സികളുമായി ബന്ധപ്പെട്ട ഇത്തരം കേസുകളില്‍ ഒരു വിവരവും പുറം ലോകം അറിയുന്നില്ല.

രഹസ്യാന്വേഷണം, രാജ്യ സുരക്ഷ തുടങ്ങിയ ഏജന്‍സികളില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, അഴിമതി തുടങ്ങിയ കാര്യങ്ങളിലൊഴികെ വിവരങ്ങള്‍ പുറത്ത് വിടേണ്ടെന്നാണ് ചട്ടം. ഇതനുസരിച്ച് ലൈംഗിക പീഡനക്കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്ത് പറയാന്‍ കഴിയില്ലെന്നാണ് ഐ ബിയും റോയും വ്യക്തമാക്കുന്നത്.

‘ രഹസ്യാന്വേഷണ വിഭാഗം, സുരക്ഷാ കാര്യങ്ങള്‍ എന്നിവയെല്ലാം ക്യാബിനറ്റ് സെക്രട്ടേറിയേറ്റിന്റെ കീഴില്‍ വരുന്ന വിഷയങ്ങളാണ്. ഇവ വിവരാവകാശ നിയമത്തിന്റെ പുറത്താണ്. എന്നാല്‍ മനുഷ്യാവകാശ ധ്വംസനം, അഴിമതി എന്നീ കാര്യങ്ങള്‍ക്ക് ഇത് ബാധകമല്ല’- വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ക്യാബിനറ്റ് പബ്ലിക്ക് ഇന്റഫര്‍മേഷന്‍ ഓഫീസറുടെ മറുപടി ഇങ്ങിനെയായിരുന്നു.

ആര്‍ ടി ഐ അപേക്ഷകയായ അശ്വിനി ശ്രീവാസ്തവ കഴിഞ്ഞ 10 വര്‍ഷമായി ഐ ബിയിലും റോയിലും നടന്ന ലൈംഗിക പീഡനം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്. 2008 ഓഗസ്റ്റ് 19ന് റോയിലെ ഒരു വനിതാ ഉദ്യോഗസ്ഥ മേല്‍ ഉദ്യോഗസ്ഥന്റെ പീഡനത്തില്‍ മനം നൊന്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ആത്മഹത്യ ചെയ്്തിരുന്നു. ഇത് മുന്‍നിര്‍ത്തിയായിരുന്നു ശ്രീവാസ്തവ അപേക്ഷ നല്‍കിയത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനക്കേസുകള്‍ മനുഷ്യാവകാശ പ്രശ്‌നമായി കാണാനാവില്ലെന്നാണ് ക്യാബിനറ്റ് സെക്രട്ടറിയുടെ മറുപടിയിലൂടെ വ്യക്തമാകുന്നത്.

എന്നാല്‍ സ്ത്രീപീഡനങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ പരിധിയില്‍ വരുമെന്ന് നേരത്തെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ ലൈംഗിക പീഡനമെന്നത് മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ പരിധിയില്‍ വരുന്നതാണ്. ലിംഗപരമായ വിവേചനങ്ങള്‍ക്കും ഇത് ബാധകമാണ്’- ഭാട്ടിയ സംഭവത്തില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.