എഡിറ്റര്‍
എഡിറ്റര്‍
‘ എന്റെ തത്വശാസ്ത്രത്തില്‍ വ്യക്തികള്‍ക്ക് പ്രധാന്യമില്ല’; ഗാംഗുലിയുമായി പ്രശ്‌നമുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി രവി ശാസ്ത്രി
എഡിറ്റര്‍
Wednesday 12th July 2017 4:59pm

മുംബൈ: ഇന്ത്യന്‍ ടീം പരിശീലകനായി രവി ശാസ്ത്രിയെ നാടകീയ നിമിഷങ്ങള്‍ക്കൊടുവിലാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. കുംബ്ലെയുടെ പുറത്താകലിന് വരെ കാരണമായി പറയപ്പെടുന്ന ശാസ്ത്രീയുടെ പിന്നാമ്പുറ ചരടുവലികളുടെ അവസാനമെന്ന നിലയിലാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്തേക്ക് നിയമിക്കുന്നത്. എന്നാല്‍ ശാസ്ത്രിയുടെ ഒറ്റയാള്‍ ഭരണത്തെ ഗാംഗുലിയും സച്ചിനും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതി നൈസായിട്ട് പൂട്ടുകയായിരുന്നു. അങ്ങനെയാണ് ബൗളിംഗ് പരിശീലകനായി സഹീര്‍ ഖാനും ഓവര്‍സീസ് ബാറ്റിംഗ് പരിശീലകനായി ദ്രാവിഡുമെത്തുന്നത്.

കോച്ചായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി രവി ശാസ്ത്രിയും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ തത്വശാസ്ത്രത്തില്‍ വ്യക്തികള്‍ക്ക് പ്രധാന്യമില്ലെന്നും ടീമാണ് എന്നും മുന്നിലെന്നുമായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. കോച്ച് തെരഞ്ഞെടുപ്പില്‍ ഗാംഗുലി ശാസ്ത്രിയ്‌ക്കെതിരെ നില കൊണ്ടുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ തര്‍ക്കങ്ങള്‍ ഉണ്ടാകാം പക്ഷെ കാണേണ്ടത് മുന്നിലുള്ള വലിയ ചിത്രത്തെയാണ്. ഇന്റര്‍വ്യൂവില്‍ വളരെ നല്ല ചോദ്യങ്ങളായിരുന്നു ഗാംഗുലി എന്നോട് ചോദിച്ചത്. നമുക്ക് മുന്നോട്ടാണ് പോകാനുള്ളത്. ഇവിടെ വ്യക്തികള്‍ക്ക് പ്രധാന്യമില്ല. ടീമിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്.’ ശാസ്ത്രി പറയുന്നു.

നേരത്തെ ടീമിന്റെ ഡയറക്ടറായിരുന്ന ശാസ്ത്രി കോഹ് ലിയ്ക്കും സംഘത്തിനും ടീമിനെ ഒരുപാട് ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. വിരാട് തന്റെ ഏറ്റവും മികച്ച ഫോമില്‍ ഇനിയും എത്തിയിട്ടില്ലെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിരാട് താരമെന്ന നിലയില്‍ ഒരുപാട് ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് എല്ലാ ഫോര്‍മ്മാറ്റിലും ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുമെന്നും ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമാണ് ഇപ്പോഴുള്ളതെന്നും നല്ല ഫാസ്റ്റ് ബൗളേഴ്‌സും ടീമിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം തനിക്കൊപ്പം നിയമിതരായ സഹീറില്‍ നിന്നും ദ്രാവാഡില്‍ നിന്നും നല്ല ഉപദേശങ്ങള്‍ സ്വീകരിക്കുമെന്നും ശാസ്ത്ര പറഞ്ഞു.

Advertisement