ഹവാന: മാനുഷിക പരിഗണന കണക്കിലെടുത്ത് ക്യൂബന്‍ 3,000 തടവുകാരെ മോചിപ്പിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കേസ്‌ട്രോ. മനുഷ്യാവകാശ സംഘടനകളുടെയും മതസംഘടനകളുടെയും അഭ്യര്‍ഥനയും ജയില്‍വാസകാലത്തെ തടവുകാരുടെ മികച്ച പെരുമാറ്റവും കണക്കിലെടുത്താണ് ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അറിയിച്ചു.

25 രാജ്യങ്ങളില്‍ നിന്നായുള്ള 86 വിദേശതടവുകാരും മോചിപ്പിക്കപ്പെടുന്നവരില്‍പെടും.  ജയില്‍മോചനം കാത്തുനില്‍ക്കുന്നവരില്‍ സ്ത്രീകളും പ്രായമേറിയവരും അസുഖബാധിതരും ഉള്‍പ്പെടും. ഇവരെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചാരവൃത്തിക്ക് ജയിലിലടച്ച അമേരിക്കന്‍ കോണ്‍ട്രാക്ടര്‍ അലന്‍ ഗ്രോസയെ മോചിപ്പിക്കില്ലെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

2009 ഡിസംബറിലാണ് ഗ്രോസിനെ അറസ്റ്റ് ചെയ്തത്. ശിക്ഷയിളവ് നല്‍കി മോചിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ഗ്രോസിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോസ്ഫിന വിഡല്‍ പറഞ്ഞു.

ക്യൂബന്‍ നാഷണല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് റോള്‍ കാസ്‌ട്രോ ഇക്കാര്യം അറിയിച്ചത്. തടവുകാരെ മോചിപ്പിക്കണമെന്ന് കത്തോലിക്, പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളും 2012ലെ സന്ദര്‍ശനത്തിനിടെ പോപ്പ് ബെനഡിക്ട് 16മനും ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം അറിയിച്ചു. 1998ജനുവരിയില്‍ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ക്യൂബ 299 തടവുകാരെ മോചിപ്പിച്ചിരുന്നു.

Malayalam News
Kerala News in English