ഹേഗ്: ബോസ്‌നിയന്‍ യുദ്ധത്തില്‍ ആയിരക്കണക്കിന് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തതുമായി ബന്ധപ്പെട്ട അറസ്റ്റിലായ സെര്‍ബ് സൈന്യത്തിന്റെ മുന്‍ മേധാവി റാട്‌കോ മ്ലാഡിക്കിനെ യു.എന്‍ ട്രിബ്യൂണലിന് കൈമാറാന്‍ നീക്കം തുടങ്ങി. എന്നാല്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തന്നെ കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മ്ലാഡിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേഗിലെ യുദ്ധക്കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രിബ്യൂണലിലേക്കാണ് മ്ലാഡിക്കിനെ കൈമാറാന്‍ നീക്കമാരംഭിച്ചിട്ടുള്ളത്. എന്നാല്‍ മ്ലാഡിക്കിന്റെ ആരോഗ്യസ്ഥിതി ദയനീയമാണെന്നും അദ്ദേഹത്തിന് ആവശ്യമായ പരിചരണം നല്‍കണമെന്നും മ്ലാഡിക്കിന്റെ സുഹൃത്തുക്കളും ബന്ധുക്കളും സെര്‍ബിയന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ മ്ലാഡിക്കിനെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മ്ലാഡിക് തങ്ങളുടെ ദേശീയ ഹീറോ ആണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയതത് ന്യായീകരിക്കാനാകില്ലെന്നും പ്രതിഷേധപ്രകടനം നടത്തുന്ന ആയിരക്കണക്കിന് ആളുകള്‍ വ്യക്തമാക്കി.

റാട്‌കോ മ്ലാഡിക്

സെര്‍ബ് വംശീയ സൈനിക മേധാവിയായ റാട്‌കോ മ്ലാഡിക് 1942ലാണ് ജനിച്ചത്. സെമൂനിലെ സൈനിക സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് യൂഗോസ്ലാവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടി. 1965 മുതല്‍ യൂഗോസ്ലാവ് ജനകീയ സൈന്യത്തില്‍ സേവനമനുഷ്ടിച്ചു. 1991ല്‍ യൂഗോസ്ലാവ് പിരിച്ചവിട്ടതുമുത്ല്‍ സെര്‍ബിയന്‍ സൈനിക മേധാവിയായി മ്ലാഡിക് ഉയര്‍ന്നു.

19921995 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍് ബോസ്‌നിയന്‍ സെര്‍ബ് സൈന്യത്തിന്റെ മേധാവിയായിരുന്നു മ്ലാഡിക്. നിരവധി വംശഹത്യകളും കൂട്ടപ്പലായനങ്ങളും ഈ യുദ്ധകാലത്ത് ബോസ്‌നിയയില്‍ നടന്നിരുന്നു. 1995 ജൂലൈ മാസത്തില്‍ നടന്ന സെബ്രെണിക്കാ കൂട്ടക്കുരുതിയാണ് അതില്‍വെച്ച് ഏറ്റവും കുപ്രസിദ്ധമായത്. സെബ്രെണിക്ക വംശഹത്യയില്‍ 8000ത്തോളം മുസ്ലീങ്ങളാണ് കൂട്ടക്കുരുതിക്കിരയായത്.

1995ല്‍ത്തന്നെ അന്താരാഷ്ട്ര യൂഗോസ്ലാവിയന്‍ കുറ്റവിചാരണക്കോടതി മ്ലാഡിക്കിനെ അന്താരാഷ്ട്ര യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. വംശഹത്യയും, യുദ്ധ കുറ്റകൃത്യങ്ങളും മനുഷ്യത്വ വിരുദ്ധമായ കുറ്റകൃത്യങ്ങളുമാണ് അദ്ദേഹത്തിനുമേല്‍ അന്താരാഷ്ട്ര കോടതി ചുമത്തിയിട്ടുള്ളത്. 1995 മുതല്‍ 16 വര്‍ഷക്കാലം അറസറ്റില്‍ നിന്നും രക്ഷപ്പെട്ട് മ്ലാഡിക് ഒളിവിലായിരുന്നു. 2011 മെയ് 26ാം തീയ്യതി ലസാരെവോയില്‍ നിന്നും അദ്ദേഹം അറസ്റ്റിലായി.