ചണ്ഡീഗഡ്: രുചിക ഗിര്‍ഹോത്രയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജയില്‍ കഴിയുന്ന ഹരിയാന മുന്‍ ഡി ജി പി എസ് പി എസ് റാഥോഡ്‌ രണ്ടാഴ്ചത്തെ പരോളിന് അപേക്ഷ നല്‍കി.

തന്റെ ഫാംഹൗസിലെ വിളകള്‍ നോക്കി നടത്തുന്നതിനുവേണ്ടിയാണ് റാഥോഡ് ബുറെയ്ല്‍ ജയിലില്‍ പരോളിനുള്ള അപേക്ഷനല്‍കിയത്.

1990ല്‍ രുചിക ഗിര്‍ഹോത്ര എന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ചണ്ഡിഗഡ് ജില്ലകോടതിയും സെഷന്‍സ് കോടതിയും 68കാരനായ റാഥോഡിന് 18 മാസത്തെ കഠിനതടവിന് വിധിച്ചത്. മൂന്നു വര്‍ഷത്തിനു ശേഷം രുചിക ആത്മഹത്യചെയ്യുകയായിരുന്നു.

പരോളിനായി 15 ദിവസം മുമ്പാണ് റാഥോഡ് അപേക്ഷ നല്‍കിയത്. തന്റെ അസാന്നിധ്യത്തില്‍ ഹരിയാനയിലെയും പഞ്ച്കുലയിലെയും തോട്ടങ്ങളില്‍ വിളവെടുക്കാനും പുതിയ വിത്തിറക്കാനും ആരുമില്ലാതായിരിക്കുകയാണെന്ന് റാഥോഡ് തന്റെ അപേക്ഷയില്‍ പറയുന്നു.

സത്യവസ്ഥ എന്താണെന്നറിയാന്‍ പഞ്ച്കുലയിലെ ഭരണകൂടത്തിനോടും ജില്ലാ പോലിസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ വിശദീകരണത്തിനായി കാതത്ിരിക്കുകയാണെന്ന പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.