ന്യൂദല്‍ഹി: താന്‍ ചിരിക്കാന്‍ പഠിച്ചത് മുന്‍പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നാണെന്ന് രുചിക പീഡനക്കേസ് പ്രതിയും മുന്‍ ഹരിയാന ഡി ജി പിയുമായ എസ് പി എസ് റാത്തോര്‍. വീട്ടില്‍ സ്വീകരണ റൂമില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവിനൊപ്പം എന്റെ ഭാര്യ നില്‍ക്കുന്ന ഫോട്ടോയുണ്ട്. ചെറുപ്പ കാലത്ത് നെഹ്‌റുവിനെ പലതവണ നേരിട്ട് കണ്ടിട്ടുണ്ട്. നെഹ്‌റുവില്‍ നിന്നാണ് താന്‍ ചിരിക്കാന്‍ പഠിച്ചത്. ഈ ചിരി ഇനിയും തുടരുമെന്നും റാത്തോഡ് പറഞ്ഞു.

രുചിക പീഡനക്കേസില്‍ ആറു മാസത്തെ തടവ് ശിക്ഷക്ക വിധിക്കപ്പെട്ട ശേഷം പുഞ്ചിരിയോടെയായിരുന്നു റാത്തോഡ് കോടതിക്ക് പുറത്ത് വന്നത്. പിന്നീട് കേസ് നടപടികള്‍ക്കായി കോടതിയിലെത്തിയപ്പോഴെല്ലാം റാത്തോഡിനെ സന്തോഷവാനായാണ് കണ്ടത്. ഇതെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Subscribe Us:

14 വയസുകാരി രുചികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനെ തുടര്‍ന്ന് റാത്തോഡിനെ ആറു മാസം മാത്രം തടവിന് ശിക്ഷിച്ചത് വിവാദമായിരുന്നു. പ്രശ്‌നം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ പുതിയ മൂന്ന് എഫ് ഐ ആര്‍ ചുമത്തി റാത്തോഡിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.