rathiസിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രതിനിര്‍വേദത്തിന്റെ റിലീസിംങ് ജൂണ്‍ 10ലേക്ക് മാറ്റി. നേരത്തെ ജൂണ്‍ 3ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുമ്പ് യുവമനസ്സുകളെ കോരിത്തരിപ്പിച്ച ജയഭാരതിയുടെ റോളില്‍ ശ്വേതമേനോന്‍ എത്തുമ്പോള്‍ പഴയ നൊസ്റ്റാള്‍ജിക്ക് തലമുറയും തീയേറ്ററില്‍ കയറുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവാത്തതാണ് റിലീസിംങ് നീളാന്‍ കാരണമെന്നാണ് സൂചന. ഇതിനു പുറമേ ചിത്രം ഇതുവരെ സെന്‍സര്‍ ചെയ്തിട്ടുമില്ല.

എന്നാല്‍ കേരളത്തില്‍ മഴക്കാലം ആരംഭിച്ചതാണ് റീലീസിംങ് നീട്ടിവയ്ക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. മഴയുടെ തുടക്കത്തില്‍ തന്നെ റീലീസ് ചെയ്ത് ചിത്രത്തിന്റെ തുടക്കം വെള്ളത്തിലാക്കേണ്ടയെന്ന് കരുതിയാണ് 10 ദിവസത്തേക്ക് നീട്ടിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

1978ല്‍ അനുഗ്രഹീത സംവിധായകന്‍ ഭരതന്‍ തയ്യാറാക്കിയ രതിനിര്‍വ്വേദത്തിന് പുതിയ മുഖം നല്‍കുന്നത് ടി.കെ രാജീവ് കുമാറാണ്. മുന്‍ കാല ചിത്രമായ നീലത്താമര വീണ്ടുമെത്തിച്ച സുരേഷ്‌കുമാര്‍ തന്നെയാണ് രതിനിര്‍വേദവും നിര്‍മ്മിക്കുന്നത്.

ഭരതന്‍ ചിത്രത്തില്‍ ജയഭാരതി അനശ്വരമാക്കിയ രതിച്ചേച്ചിയെ അവതരിപ്പിക്കുന്നത് ശ്വേത മേനോനാണ്. ശ്രീജിത്ത് എന്ന യുവനടന്‍ പപ്പുവിന്റെ റോളിലെത്തും.

ഈ വര്‍ഷം ഏപ്രില്‍ 8നാണ് രതിനിര്‍വേദത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. . ഏപ്രില്‍ 28ന് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മാവേലിക്കരയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. എം. ജയചന്ദ്രന്റേതാണ് സംഗീതം.

മേനകാ സുരേഷ്‌കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം രേവതി കലാമന്ദിരിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്.