കോഴിക്കോട്: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു. കാസര്‍ക്കോട്ടെ കാഞ്ഞങ്ങാട് ചുള്ളിക്കര തൂങ്ങല്‍ കോളനിയിലെ ഗണേശന്‍(26), കോഴിക്കോട് കൊമ്മേരി സ്വദേശി സരോജിനി(65) എന്നിവരാണ് മരിച്ചത്.

സരോജിനി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ഗണേശന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്നു.

സ്ഥിതിഗതികള്‍ രൂക്ഷമായ കോഴിക്കോട്ട് എലിപ്പനി ബാധിച്ച് അറുപതോളം പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കേന്ദ്രസംഘം ഇന്നു കോഴിക്കോട് സന്ദര്‍ശിക്കുന്നുണ്ട്. ഒളവണ്ണ പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍, മെഡിക്കല്‍ കോളജ് ആശുപത്രി, കോര്‍പറേഷന്‍ മേഖലയില്‍ രോഗബാധയുണ്ടായ പ്രദേശങ്ങള്‍ എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക.