ബാംഗ്ലൂര്‍: വിമത എം.എല്‍.എമാരെ കൂട്ടുപിടിച്ച് ഭരണം നിലനിര്‍ത്താനുള്ള കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിന്റെ നടപടിയാണ് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്.

നേരത്തേ പാര്‍ട്ടിയിലേക്ക് മടങ്ങിവന്ന മൂന്ന് വിമതരെ കൂട്ടുപിടിച്ച് ഭരണവുമായി മുന്നോട്ടുപോകാനായിരുന്നു യെദ്യൂരപ്പ ശ്രമിച്ചത്. ഭൂരിപക്ഷമുള്ളതിനാല്‍ സഭയില്‍ വിശ്വാസം തെളിയിക്കേണ്ടെന്ന നിലപാടിലായിരുന്നു യെദ്യൂരപ്പ. എന്നാല്‍ വിശ്വാസം തെളിയിച്ചേ മതിയാകൂ എന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

അതിനിടെ ഗവര്‍ണറുടെ നടപടിയില്‍ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍ തങ്ങളുടെ ശക്തി തെളിയിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. 224 അംഗ സഭയില്‍ 121 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് യെദ്യൂരപ്പ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ പത്തിനായിരുന്നു സ്പീക്കര്‍ കെ.ജി ബൊപ്പയ്യ 16 എം.എല്‍.എമാരെ അയോഗ്യരാക്കിയത്.