ന്യൂദല്‍ഹി: മാനഭംഗത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാര പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപയും പ്രായപൂര്‍ത്തിയാകത്തവരാണെങ്കില്‍ മൂന്ന് ലക്ഷം രൂപയും നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മാനഭംഗം കാരണം മാനസികമായി തകര്‍ന്നവര്‍ക്കും മൂന്ന് ലക്ഷം രൂപ നല്‍കും.

കേന്ദ്ര വനിതാ കമ്മീഷന്‍ 2005ല്‍ സമര്‍പ്പിച്ച ശിപാര്‍ശക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ 20000 രൂപയും പ്രാഥമിക അന്വേഷണം നടത്തി കുറ്റം ചെയ്തുവെന്ന് വ്യക്തമായാല്‍ 30000 രൂപയും നല്‍കാനാണ് തീരുമാനം. 1,30,000 രൂപ പിന്നീട് പല ഘട്ടങ്ങളിലായി നല്‍കും.

ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് കാരണമാണ് 2005ലെ നിര്‍ദേശം ഇത്രയും കാലം നടപ്പാക്കാന്‍ കഴിയാതെ പോയത്.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് നിരവധി പീഡനക്കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് നടപടിയെടുക്കേണ്ട സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം.