എഡിറ്റര്‍
എഡിറ്റര്‍
മുതിര്‍ന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് മനസ്സിലാക്കാം, കുട്ടികളെ പീഡിപ്പിക്കുന്നത് കുറ്റകൃത്യം: ബി.ജെ.പി എം.പി
എഡിറ്റര്‍
Thursday 10th January 2013 3:00pm

റായ്പൂര്‍: മുതിര്‍ന്ന പെണ്‍കുട്ടികളെ ബാലാത്സംഗം ചെയ്യുന്നതിന് പിന്നിലെ ചേതോവിഹാരം മനസ്സിലാക്കാമെന്ന് ബി.ജെ.പി എം.പി രമേശ് ബെയ്‌സ്. ഇന്നലെ നടന്ന പൊതുപരിപാടിക്കിടെയാണ് രമേശ് സ്ത്രീപീഡനത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയത്.

Ads By Google

‘മുതിര്‍ന്ന പെണ്‍കുട്ടികളേയും സ്ത്രീകളേയും ബലാത്സംഗം ചെയ്യുന്നത് മനസ്സിലാക്കാം. എന്നാല്‍ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല.’ എന്നായിരുന്നു എം.പിയുടെ പരാമര്‍ശം.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാക്രമങ്ങള്‍ നിന്ദ്യമായ കുറ്റമാണെന്നും ഇതിന് വധശിക്ഷ തന്നെ നല്‍കണമെന്നും ബി.ജെ.പി എം.പി ആവശ്യപ്പെട്ടു. ഛത്തീസ്ഘട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ബെയ്‌സ്.

‘മുതിര്‍ന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് മനസ്സിലാക്കാം. എന്നാല്‍ ആരെങ്കിലും കുട്ടികളെ പീഡിപ്പിച്ചാല്‍ ആ കുറ്റത്തിന് അയാളെ തൂക്കിലേറ്റുക തന്നെ വേണം.’ രമേശ് പറയുന്നു.

ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ മുതിര്‍ന്നതായാലും കുഞ്ഞായാലും അവര്‍ക്കെതിരെയുള്ള അക്രമം ഹീനമാണെന്ന് കോണ്‍ഗ്രസ് വക്താവ് ശൈലേഷ് നിതിന്‍ ത്രിവേദി പറഞ്ഞു. രമേശിന്റെ പരാമര്‍ശത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേയും സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ നടത്തിയിട്ടുണ്ട്.

സ്ത്രീകള്‍ വീട്ടുജോലികള്‍ മാത്രം ചെയ്ത് ഒതുങ്ങി ജീവിക്കണമെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതുകൂടാതെ സ്ത്രീ പീഡനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നുമുള്ള ഭഗവതിന്റെ പരാമര്‍ശവും വിവാദമായിരുന്നു.

സത്രീകള്‍ അതിര് കടന്നാല്‍ അതിനുള്ള ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വരുമെന്ന ബി.ജെ.പി നേതാവ് വിജയ് വര്‍ജിയയുടെ പരമാര്‍ശവും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Advertisement