ജയ്പൂര്‍: വനിതാ പോലിസ് കോണ്‍സ്റ്റബിളിനെ മാനഭംഗപ്പെടുത്തിയതിനുശേഷം കൊലപ്പെടുത്തിയ രണ്ടു പോലിസുകാരെ അറസ്റ്റുചെയ്തു. വനിതാ കോണ്‍സ്റ്റബിള്‍ മായ യാദവാണ് സ്‌റ്റേഷന്‍ കോംപൗണ്ടിലുള്ള തന്റെ ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

സംഭവത്തെത്തുടര്‍ന്ന് ചെച്ചാട്ട് പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അടക്കം രണ്ടു പേരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മറ്റു ജീവനക്കാരെ റിസര്‍വ് പോലിസിലേക്കും മാറ്റിയിട്ടുണ്ട്.

പ്രതികളെന്നു സംശയിക്കുന്ന കോണ്‍സ്റ്റബിള്‍ ദേശ്‌രാജിനെയും പാചകകാരന്‍ തുള്‍സിറാമിനെയും തിങ്കളാഴ്ച വരെ റിമാന്റു ചെയ്തു.

ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് തന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ മായയെ ഇരുവരും ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. പിറ്റേദിവസം ജോലിക്കെത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചോരയില്‍ കുളിച്ച് മായയുടെ മൃതശരീരം കണ്ടത്.

സംഭവമറിഞ്ഞെത്തിയ ഗ്രാമവാസികള്‍ സ്‌റ്റേഷനുനേരെ കല്ലെറിഞ്ഞു. ആറു പോലിസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. മുഴുവന്‍ പോലിസുകാരെയും സസ്‌പെന്റ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച തന്നെ പോലിസ്‌റ്റേഷനിലെ എല്ല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉത്തരവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട മായാ യാദവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തരസഹായം നല്‍കാന്‍ അദ്ദേഹം ഉത്തരവിട്ടു. ഇവരുടെ ഒരു ബന്ധുവിന് സര്‍ക്കാര്‍ ജോലിയും നല്‍കും.

പ്രതികളെ കോടതയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഡിപ്പാര്‍ട്ടുമെന്റ്തല അന്വേഷണത്തിന് ഉത്തരവിട്ടതായി കോട്ട എസ് പി രവികാന്ത് മിത്തല്‍ അറിയിച്ചു.