ന്യൂദല്‍ഹി: ബലാത്സംഗത്തിനിരയായ സ്ത്രീയുടെ മൊഴിക്ക് മറ്റു സ്ഥിരീകരണം വേണ്ടെന്ന് സുപ്രീംകോടതി. ലൈംഗിക പീഡനത്തിനിരയായ സ്ത്രീ കുറ്റക്കാരിയല്ല. മറ്റൊരാളുടെ കാമാസക്തിയുടെ ഇരയാണ്. ശാരീരികമായും വൈകാരികമായും മുറിവേറ്റ വ്യക്തിയാണ്. അത്‌കൊണ്ട് തന്നെ ബലാത്സംഗത്തിനിരയായ സ്ത്രീയുടെ മൊഴിക്ക് മറ്റു സ്ഥിരീകരണങ്ങളുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 22 വര്‍ഷം മുമ്പ് ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ മുഹമ്മദ് ഇമ്രാന്‍ ഖാന്‍, ജമാല്‍ അഹമ്മദ് എന്നിവരുടെ ഹരജി തള്ളിയാണ് കോടതിയുടെ വിധി.

പ്രതിയെ കുറ്റവാളിയാക്കാന്‍ ഇരയുടെ മൊഴി മാത്രം മതി. അതിനെ കുറ്റക്കാരന്റെ മൊഴിപോലെ സംശയത്തോടെ കാണരുതെന്നും ജസ്റ്റിസുമാരായ പി.സദാശിവം, ബി.എസ്.ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധിച്ചത്.