രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ ലാലിന് പകരം ശങ്കര്‍ രാമകൃഷ്ണന്‍ നായകനാകുന്നു. രഞ്ജിത്തിന്റെ അസോസിയേറ്റായി ചലച്ചിത്രലോകത്ത് തുടക്കത്തില്‍ ശ്രദ്ധിനേടിയ ആളാണ് ശങ്കര്‍. ലീല എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. ഉണ്ണി ആര്‍. രചിച്ച ചെറുകഥയാണ് ലീല. സവിശേഷവ്യകതിത്വമുള്ള ഒരു കോട്ടയം അച്ചായനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കുട്ടിയപ്പന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ശങ്കര്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ നിന്നും ലാല്‍ പിന്‍മാറാനുള്ള കാരണം വ്യക്തമല്ല.

ശങ്കര്‍രാമകൃഷ്ണനെക്കൂടാതെ പൃഥ്വിരാജ്, നെടുമുടി വേണു, മംമ്ത എന്നിവരും ചിത്രത്തിലുണ്ട്. പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. വിചിത്രമായൊരു ലൈംഗികസ്വപ്നം സാക്ഷാത്ക്കരിക്കാനായി കോട്ടയത്ത് നിന്നും വയനാട്ടിലേക്ക് കുട്ടിയപ്പന്‍ നടത്തുന്ന യാത്രയും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രധാനഇതിവൃത്തം. കാപ്പിറ്റോള്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ലീല ഏപ്രില്‍ 25ന് ആരംഭിക്കും.

ഈ ചിത്രത്തെക്കൂടാതെ ഇന്ത്യന്‍ റുപ്പീ എന്ന പേരില്‍ ഒരു സിനിമകൂടി രഞ്ജിത്ത് അനൗണ്‍സ് ചെയ്തു കഴിഞ്ഞു. പൃഥ്വിരാജാണ് ഇന്ത്യന്റുപ്പിയിലെ നായകന്‍. ഈ വര്‍ഷം ജി.എസ്.വിജയനായി ഒരു തിരക്കഥയും രഞ്ജിത്ത് രചിക്കും.