ന്യൂദല്‍ഹി: വോട്ടിനുകോഴ കേസില്‍ ബി.ജെ.പി എം.പിമാര്‍ക്ക് പണം നല്‍കിയത് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റാംജഠ്മലാനി പറഞ്ഞു. നേരത്തെ ബിജെപി നേതാക്കളുടെ അക്കൗണ്ടില്‍ നിന്നാണ് പണമെത്തിയതെന്ന് ജഠ്മലാനി പറഞ്ഞത് വിവാദമായിരുന്നു.

ദൃശ്യങ്ങളിലൊന്നും അമര്‍സിങ് ഇല്ലെന്നും അദ്ദേഹത്തിന്റെ ശബ്ദവും ഇല്ലെന്നും വാദിച്ച ജഠ്മലാനി ഈ സംഭവത്തില്‍ അമര്‍ സിങ് തീര്‍ത്തും നിരപരാധിയാണെന്നു വാദിച്ചു.

ഈ കേസില്‍ ജാമ്യം തേടിയുള്ള അമര്‍ സിങ്ങിന്റെ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ അമര്‍ സിങ്ങിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യനില പരിഗണിച്ചാണ് ഇത്. സാധാരണ ജാമ്യാപേക്ഷ വേറെ നല്‍കണമെന്ന നിബന്ധനയോടെയായിരുന്നു ഇടക്കാല ജാമ്യം കൊടുത്തത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് അമര്‍ സിങ്.

അതിനിടെ വോട്ടിനു കോഴകേസില്‍ അറസ്റ്റിലായ സുഹൈല്‍ ഹിന്ദുസ്ഥാനി കോടതിയില്‍ കുഴഞ്ഞുവീണു. ഹിന്ദുസ്ഥാനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയില്‍ കുഴഞ്ഞു വീണത്. അറസ്റ്റിലായ ബി.ജെ.പി എം.പി സുധീന്ദ്ര കുല്‍ക്കര്‍ണി കോടതിയില്‍ ഹാജരായില്ല.