എഡിറ്റര്‍
എഡിറ്റര്‍
പ്രകാശ് രാജ് അണ്‍പ്രൊഫഷണലാണെന്ന് രഞ്ജിത്ത്
എഡിറ്റര്‍
Friday 30th March 2012 2:50pm

കാഞ്ചീവരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് പ്രകാശ് രാജ്. കോളിവുഡില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം ചില മലയാള ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ഇത്രയൊക്കെയാണെങ്കിലും പ്രകാശ് രാജിനെതിരെ സിനിമാ ലോകത്ത് നിന്ന് അധികം പരാതികളൊന്നുമുണ്ടായിട്ടില്ല. അച്ചടക്കമുള്ള നടന്‍ എന്നാണ് കോളിവുഡ് അദ്ദേഹത്തെ വിലയിരുത്തിയത്.

എന്നാല്‍ സംവിധായകന്‍ രഞ്ജിത്ത് പ്രകാശ് രാജിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ സ്പിരിറ്റില്‍ നിന്ന് പിന്‍മാറിയ കോളിവുഡ് നടന്‍ പ്രകാശ് രാജിനെ രൂക്ഷമായ വാക്കുകള്‍ കൊണ്ടാണ് രഞ്ജിത്ത് രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രമുഖ വെബ്‌പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജിന്റെ ചെയ്തിയെ രഞ്ജിത്ത് വിമര്‍ശിച്ചത്.

പ്രകാശ് രാജിന്റെ സമീപനം തീര്‍ത്തും അണ്‍പ്രൊഫഷണലാണെന്ന് രഞ്ജിത്ത് പറയുന്നു.  ആദ്യം സിനിമയില്‍ അഭിനയിക്കണമെന്ന് താത്പര്യം പ്രകടിപ്പിയ്ക്കുകയും പിന്നീട് ഇല്ലെന്ന് പറയുകയുമാണ് പ്രകാശ് രാജ് ചെയ്തത്. പ്രതിഫലത്തെച്ചൊല്ലിയാവണം അദ്ദേഹം പിന്‍മാറിയതെന്നും രഞ്ജിത്ത് കരുതുന്നു.

പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ അദ്ദേഹത്തെ സമീപിച്ച സമയത്ത് പ്രതിഫലത്തിന്റെ കാര്യം ചര്‍ച്ച ചെയ്യാമായിരുന്നു. അതിന് പകരം പിന്നീട് വിളിക്കാമെന്ന്  പറഞ്ഞു. എന്നാല്‍ അതുണ്ടായില്ലെന്നും രഞ്ജിത്ത് പറയുന്നു.

‘ ഒരു തരത്തില്‍ പറഞ്ഞാല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഇങ്ങനെ സംഭവിച്ചത് നന്നായി. ഇത്രയും നിരുത്തരവാദപരമായും അണ്‍പ്രഫഷണലായും പെരുമാറുന്ന ഒരാള്‍ക്കൊപ്പം ജോലി ചെയ്യുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.’ രഞ്ജിത്ത് വ്യക്തമാക്കി.

സ്പിരിറ്റില്‍ പ്രകാശ് രാജിന് പകരമെത്തുന്നത് ഉറുമിയുടെ തിരക്കഥാകൃത്ത് ശങ്കര്‍രാമകൃഷ്ണനാണ്. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കാനുള്ള അവസരമാണ് ശങ്കറിനെ തേടിയെത്തിയിരിക്കുന്നത്. ചിത്രത്തിലെ ശങ്കര്‍ രാമകൃഷ്ണന്റെ അപ്പിയറന്‍സ് ഇതിനകം സിനിമാ പ്രേമികളെ ആകര്‍ഷിച്ചുകഴിഞ്ഞു.

Advertisement