മിനി സ്‌ക്രീനിലെ സൂപ്പര്‍താരം രഞ്ജിനി ഹരിദാസ് ബിഗ് സ്‌ക്രീനിലേക്ക്. നവാഗത സംവിധായകന്‍ രാജേഷ് അമനങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രശസ്ത ചാനല്‍ അവതാരകയായ രഞ്ജിനി ബിഗ് സ്‌ക്രീനില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. എന്‍ട്രി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഒരു പൊലീസുകാരിയായാണ് രഞ്ജിനി അഭിനയിക്കുക.

പോലീസുകാരിയുടെ വേഷം എന്തുകൊണ്ടും തനിക്ക് ഇണങ്ങുമെന്നാണ് രഞ്ജിനി വിലയിരുത്തുന്നത്. ഇപ്പോഴത്തെ ജോലി തന്നെ ശരിക്കും ബോറടിപ്പിച്ചെന്നാണ് രഞ്ജിനി പറയുന്നത്. എല്ലാം ആവര്‍ത്തനമാണ്. എന്തെങ്കിലും വെല്ലുവിളിയാവുന്ന കാര്യങ്ങള്‍ ഏറ്റെടുക്കണമെന്നാണ് ആഗ്രഹം. അതിന് ഏറ്റവും പറ്റിയതാണ് സിനിമയെന്നും രഞ്ജിനി പറയുന്നു.

സിനിമയില്‍ ഭാഗ്യം പരീക്ഷിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പറ്റിയ തിരക്കഥ കിട്ടാത്തതായിരുന്നു പ്രശ്‌നം. നിരവധി തിരക്കഥകള്‍ വായിച്ചുനോക്കി. അതൊന്നും താരത്തെ ആകര്‍ഷിച്ചില്ല. എന്നാല്‍ എന്‍ട്രിയുടെ തിരക്കഥ ഇഷ്ടപ്പെടുകയും രഞ്ജിനി സമ്മതം മൂളുകയുമായിരുന്നു.

‘ഒരു സാദാ പ്രണയകഥയൊന്നുമല്ല സിനിമ. കരുത്തുറ്റ കഥാപാത്രമാണ് സിനിമയിലേത്. ശരിയ്ക്കും എനിയ്ക്ക് ചേര്‍ന്ന കഥാപാത്രം. പ്രേക്ഷകരുടെ പ്രതികരണത്തെപ്പറ്റിയൊന്നും ഞാന്‍ ചിന്തിയ്ക്കുന്നില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ പരീക്ഷണമാണ്. ഇതില്‍ വിജയം കണ്ടാല്‍ തുടരും.’ രഞ്ജിനി വ്യക്തമാക്കി.

ഇതിന് മുമ്പ് സുരാജ് വെഞ്ഞാറന്‍മൂട് നായകനായ ചിത്രത്തില്‍ രഞ്ജിനി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് വരെ കഴിഞ്ഞെങ്കിലും എന്തോ കാരണം കൊണ്ട് ചിത്രം നടക്കാതെ പോയി.

എന്തായാലും തത്കാലത്തേക്ക് മിനി സ്‌ക്രീന്‍ വിട്ടിട്ടൊരു കളിയ്ക്ക് ഇല്ലെന്നാണ് രഞ്ജിനി വ്യക്തമാക്കിയിരിക്കുന്നത്. സിനിമയും ചാനലും ഒരുമിച്ച് കൊണ്ടുപോകാനാണ് താരത്തിന്റെ തീരുമാനം.

Malayalam news

Kerala news in English