എഡിറ്റര്‍
എഡിറ്റര്‍
രഞ്ജി ട്രോഫി: കേരളം-ആന്ധ്ര മത്സരം സമനിലയില്‍;സഞ്ജു കളിയിലെ കേമന്‍
എഡിറ്റര്‍
Sunday 10th November 2013 7:01pm

sanju333

കണ്ണൂര്‍: അപ്രതീക്ഷിതമായ അത്ഭുതങ്ങളൊന്നും തലശ്ശേരിയിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സംഭവിച്ചില്ല. പ്രതീക്ഷിച്ച പോലെ ആന്ധ്രക്കെതിരായ കേരളത്തിന്റെ സീസണിലെ രണ്ടാം രഞ്ജി ട്രോഫി മത്സരവും സമനിലയിലവസാനിച്ചു.

ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയന്റ് ലഭിച്ചു. ആന്ധ്രക്ക് ഒരു പോയന്റും. കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 486 റണ്‍സ് പിന്തുടര്‍ന്ന ആന്ധ്രയ്ക്ക് 431 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരം വിരസമായ സമനിലയിലവസാനിക്കുമെന്ന് കളിയുടെ മൂന്നാം ദിവസം തന്നെ ഏറെക്കുറെ പ്രതീക്ഷിക്കപ്പെട്ടതാണ്. എന്നാല്‍ ലീഡ് നേടാന്‍ വേണ്ടി ഇരു ടീമുകളും പ്രയത്‌നിച്ചത് മത്സരത്തിന്റെ അവസാന ദിവസത്തിന് ആവേശം പകര്‍ന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ മനോഹരനും മൂന്നെണ്ണം വീഴ്ത്തിയ ഷാഹിദുമാണ് കേരളത്തിന് 55 റണ്‍സിന്റെ ലീഡ് നേടാന്‍ സഹായിച്ചത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രശാന്ത് പരമേശ്വരനും കേരള നിരയില്‍ തിളങ്ങി.

രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗാരംഭിച്ച കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്തിരുന്നു. അസാമാന്യ ഫോം തുടരുന്ന കേരള ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ്‍ രണ്ടാമിന്നിംഗ്‌സിലും തിളങ്ങി.

51 റണ്‍സെടുത്ത സഞ്ജു പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ സഞ്ജു തന്നെയാണ് കളിയിലെ കേമന്‍. ഇതോടെ സീസണിലെ രണ്ട് രഞ്ജി മത്സരങ്ങളില്‍ നിന്നായി കേരളത്തിന്റെ പോയന്റ് സമ്പാദ്യം ആറായി.

അസമിനെതിരായ ആദ്യമത്സരം സമനിലയില്‍ അവസാനിച്ചിരുന്നുവെങ്കിലും ആദ്യ ഇന്നിംഗ്‌സിലെ ലീഡിന്റെ ബലത്തില്‍ കേരളം മൂന്ന് പോയന്റ് നേടിയിരുന്നു.

അതേസമയം രണ്ട് മത്സരങ്ങളില്‍ നിന്നായി ആന്ധ്രയ്ക്ക് രണ്ട് പോയന്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ആദ്യ മത്സരത്തിലും എതിരാളികള്‍ക്ക് മുന്നില്‍ ആന്ധ്രയ്ക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങേണ്ടി വന്നിരുന്നു.

Advertisement