എഡിറ്റര്‍
എഡിറ്റര്‍
രഞ്ജിട്രോഫി: കേരളത്തിന് സീസണിലെ ആദ്യ ജയം
എഡിറ്റര്‍
Sunday 17th November 2013 12:16am

keralacricketteam2013-14

തലശേരി: തലശേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ 2013-14 സീസണില്‍ കേരളത്തിന് ആദ്യ ജയം.  തലശ്ശേരിയില്‍ ത്രിപുരയ്‌ക്കെതിരായുള്ള രഞ്ജി ട്രോഫ്രി മത്സരത്തിലാണ് കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

കളിതീരാന്‍ ഒരു ദിവസമവശേഷിക്കെ ഒന്‍പത് വിക്കറ്റിനാണ് കേരളം ത്രിപുരയെ തകര്‍ത്തെറിഞ്ഞത്. ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 157 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.

ത്രിപുരയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 140 പിന്‍തുടര്‍ന്ന് ബാറ്റിംഗാരംഭിച്ച ആതിഥേയര്‍ 297 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ രോഹന്‍ പ്രേമാണ്(80) കേരളാ നിരയില്‍ മികച്ചു നിന്നത്.

ഓപ്പണര്‍ വി.എ.ജഗദീഷ് (43), ഫോമിലുളള സഞ്ജു വി. സാംസണ്‍ (42), വിനൂപ് മനോഹരന്‍ (30) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സാരംഭിച്ച ത്രിപുര 202 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.

ഏഴ് വിക്കറ്റെടുത്ത സി.പി ഷാഹിദാണ് കേരളാ ബൗളര്‍മാരില്‍ മികച്ചു നിന്നത്. മനോഹരന്‍ രണ്ടും ശ്രീജിത്ത് ഒരു വിക്കറ്റും നേടി. തുടര്‍ന്ന് 47 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗാരംഭിച്ച കേരളം ഒരു വിക്കറ്റ് നഷ്ട്ത്തില്‍ ലക്ഷ്യം കണ്ടു.

30 റണ്‍സെടുത്ത ഓപ്പണര്‍ നിഖിലേഷ് സുരേന്ദ്രന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. സഞ്ജുവും(1) ജഗദീഷും (15) പുറത്താകാതെ നിന്നു. ഇതോടെ കേരളത്തിന് പന്ത്രണ്ട് പോയന്റായി. സീസണിലെ കേരളത്തിന്റെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചിരുന്നു.

അസമിനെതിരെയും ആന്ധ്രക്കെതിരെയുമുള്ള മത്സരങ്ങളാണ് സമനിലയിലായത്. എന്നാല്‍ രണ്ട് മത്സരങ്ങളിലും ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയത് വഴി കേരളത്തിന് ആറ് പോയന്റ് ലഭിച്ചിരുന്നു.

Advertisement