എഡിറ്റര്‍
എഡിറ്റര്‍
രഞ്ജി ട്രോഫി: ത്രിപുരയ്‌ക്കെതിരെ കേരളത്തിന് ഒന്നാമിന്നിംഗ്‌സ് ലീഡ്
എഡിറ്റര്‍
Saturday 16th November 2013 12:47am

rohan,sandeep

തലശേരി: തലശ്ശേരിയില്‍ നടക്കുന്ന ത്രിപുരയ്‌ക്കെതിരായുള്ള രഞ്ജി ട്രോഫ്രി മത്സരത്തില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ബൗളിംഗില്‍ സന്ദീപ് വാര്യരും ബാറ്റിംഗില്‍ രോഹന്‍ പ്രേമും തിളങ്ങിയപ്പോള്‍ 157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളം സ്വന്തമാക്കിയത്.

ത്രിപുരയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 140 പിന്‍തുടര്‍ന്ന് ബാറ്റിംഗാരംഭിച്ച ആതിഥേയര്‍ 297 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ രോഹന്‍ പ്രേമാണ്(80) കേരളാ നിരയില്‍ മികച്ചു നിന്നത്.

ഓപ്പണര്‍ വി.എ.ജഗദീഷ് (43), ഫോമിലുളള സഞ്ജു വി. സാംസണ്‍ (42), വിനൂപ് മനോഹരന്‍ (30) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ത്രിപുരയ്ക്ക് വേണ്ടി റാണ ദത്ത്  നാല് വിക്കറ്റ് വീഴ്ത്തി. ഡെ മൂന്നും ചക്രവര്‍ത്തി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

136/9 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച സന്ദര്‍ശകര്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച അവസാന വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ സന്ദീപ് വാര്യര്‍ ബൗളിംഗില്‍ തിളങ്ങി.

പ്രശാന്ത് പരമേശ്വരന്‍, വിനൂപ് മനോഹരന്‍, കെ.ശ്രീജിത്ത് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി. സീസണിലെ കേരളത്തിന്റെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചിരുന്നു.

അസമിനെതിരെയും ആന്ധ്രക്കെതിരെയുമുള്ള മത്സരങ്ങളാണ് സമനിലയിലായത്. എന്നാല്‍ രണ്ട് മത്സരങ്ങളിലും ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. ഇത് വഴി ലഭിച്ച ഏഴ് പോയന്റാണ് കേരളത്തിനുള്ളത്.

Advertisement