Categories

രഞ്ജി ട്രോഫി: കേരളം ലീഡ് വഴങ്ങി, ജഗദീഷിന് സെഞ്ചുറി

jagadeesh

ജമ്മു : ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങില്‍ ഇതാദ്യമായി കേരളം ലീഡ് വഴങ്ങി. ജമ്മുകാശ്മീരിനെതിരായ  മത്സരത്തിലാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ കഴിയാതെ പോയത്.

75 റണ്‍സിന്‍െ ലീഡ് നേടിയ ജമ്മു കാശ്മീര്‍ മുന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. കാശ്മീരിന് ഇപ്പോള്‍ 186 റണ്‍ ലീഡുണ്ട്.

കാശ്മീരിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 377 നെതിരെ കേരളം 302 ന് ആള്‍ ഔട്ടാവുകയായിരുന്നു. ഓപ്പണര്‍ വി.എ. ജഗദീഷിന്റെ (106) സെഞ്ചറിയും കേരളത്തിനെ ലീഡ് നേടാന്‍ പര്യാപ്തമാക്കിയില്ല.

ഇതോടെ കേരളത്തിന് വേണ്ടി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്‌സമാന്‍ എന്ന റെക്കോര്‍ഡ് ജഗദീഷിനായി. കരിയറിലെ ഏഴാമത്തെ സെഞ്ചുറിയായിരുന്നു കാശ്മീരിനെതിരെ കേരളാ ഓപ്പണര്‍ നേടിയത്.

ആറ് സെഞ്ചുറികള്‍ നേടിയ ശ്രീകുമാരന്‍ നായര്‍, സുനില്‍ ഒയാസിസ്, രോഹന്‍ പ്രേം എന്നിവരെയാണ് ജഗദീഷ് മറികടന്നത്. 184/2 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ലീഡ് നേടാമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ 84 റണ്ണുമായി നിന്ന ജഗദീഷ് സെഞ്ച്വറി തികയ്ക്കുകയും രോഹന്‍ പ്രേം (86) അര്‍ദ്ധ സെഞ്ച്വറി കടക്കുകയും ചെയ്തതിന് പിന്നാലെ പുറത്തായത് തിരിച്ചടിയായി.

ടീം സ്‌കോര്‍ 235ല്‍ വച്ച് ജഗദീഷിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. വസിം റാസയുടെ പന്തില്‍ ആദില്‍ റിഷി പിടികൂടിയതാണ് ജഗദീഷ് പുറത്തായത്. 218 പന്ത് നേരിട്ട ജഗദീഷ് 16 ബൗണ്ടറികളടക്കമാണ് 106 റണ്‍സെടുത്തത്.

തുടര്‍ന്ന് രോഹന്‍ പ്രേമും പുറത്തായതോടെ കേരളത്തിന്റെ തകര്‍ച്ച ആരംഭിച്ചു.  റോബര്‍ട്ട് ഫെര്‍ണാണ്ടസ് (26), നിഖില്‍ സുരേന്ദ്രന്‍ (4), ക്യാപ്ടന്‍ സച്ചിന്‍ ബേബി (1), അന്‍താഫ് (7), ഷാഹിദ് (1), പ്രശാന്ത് പരമേശ്വരന്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ 19 റണ്ണെടുക്കുന്നതിനിടെയാണ് നഷ്ടമായത്.

കാശ്മീരിനുവേണ്ടി ബെയ്ഗ് നാലുവിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ കാശ്മീരിന് ഒബൈദ് ഹാറൂണിന്റെ (24) വിക്കറ്റാണ് നഷ്ടമായത്. ആദില്‍ റിഷി (68) ബന്‍ദീപ് സിംഗ് (13) എന്നിവരാണ് ക്രീസില്‍