Categories

രഞ്ജി: കേരളത്തിന് കൂറ്റര്‍ സ്‌കോര്‍

sanju33

കണ്ണൂര്‍: ആന്ധ്രയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 486 റണ്‍സെടുത്തു.

രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ മറുപടി ബാറ്റിംഗാരംഭിച്ച ആന്ധ്ര വിക്കറ്റ് നഷ്ടമാകാതെ 42 റണ്‍സെടുത്തിട്ടുണ്ട്. 10 റണ്‍സോടെ പ്രശാന്തും 22 റണ്‍സോടെ ഭരതുമാണ് ക്രീസില്‍. ഒരു സെഞ്ചുറിയും നാല് അര്‍ദ്ധസെഞ്ചുറികളുമാണ് മത്സരത്തില്‍ കേരളത്തിനായി പിറന്നത്.

ആദ്യ ദിനം സെഞ്ചുറി നേടിയ സഞ്ജുവിനും(115), അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ നിഖിലേഷ് സുരേന്ദ്രനും പിന്നാലെ റോബര്‍ട്ട് ഫെര്‍ണാണ്ടസ്(88), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(62), പി. പ്രശാന്ത് എന്നിവരാണ്  അര്‍ധ സെഞ്ചുറി നേടിയത്.

ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ കേരളം നാല് വിക്കറ്റിന് 233 റണ്‍സ് എന്ന നിലയിലായിരുന്നു. മൂന്ന് അര്‍ദ്ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ 253 റണ്‍സാണ് കേരളം ഇന്ന് കൂട്ടിച്ചേര്‍ത്തത്.

ആന്ധ്രയ്ക്കുവേണ്ടി ഡി.പി വിജയ്കുമാര്‍, ജി.ശങ്കര റാവു, എസ്.എം. ബാഷ എന്നിവര്‍ മൂന്നു വിക്കറ്റുവീതം നേടി. സീസണിലെ കേരളത്തിന്റെ രണ്ടാമത്തെ രഞ്ജി മത്സരമാണിത്.

അസമിനെതിരായ ആദ്യമത്സരം സമനിലയില്‍ അവസാനിച്ചിരുന്നുവെങ്കിലും ആദ്യ ഇന്നിംഗ്‌സിലെ ലീഡിന്റെ ബലത്തില്‍ കേരളം മൂന്ന് പോയന്റ് നേടിയിരുന്നു.