ന്യൂദല്‍ഹി: ഉത്തേജക മരുന്നു വിവാദം ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ നിന്ന് വിട്ടൊഴിയുന്നില്ല. പുതുതായി ഒരു അത്‌ലറ്റ് കൂടി നിരോധിത ഉത്തേജക മരുന്നുപയോഗിച്ചതായി തെളിഞ്ഞു. 400 മീറ്ററിലെ പുതിയ പ്രതീക്ഷയായ രജ്ജിനി റോയിയാണ് നിരോധിതഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പുതുതായി പിടിയിലായത്.

റയില്‍വേയിടെ ഓപ്പണ്‍ നാഷണല്‍ ചാംപ്യന്‍ഷിപ്പിനു വേണ്ടിയുള്ള സെലക്ഷന്‍ ട്രെയല്‍സില്‍ നിരോധിത ഉത്തേജകമരുന്നായ നാന്‍ഡ്രലോണ്‍ രജ്ജിനി ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. അന്വേഷണ വിധേയമായി റയില്‍വേ താരത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ബി സാംപിള്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍. ബാംഗ്ലൂരില്‍ ഈയിടെ നടന്ന നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് മീറ്റില്‍ വെങ്കല മെഡല്‍ നേടിയിരുന്നു ഇരുപത്തിരണ്ടുകാരിയായ രജ്ജിനി.

അതിനിടെ ഉത്തേജകമരുന്നുപയോഗത്തിന് നേരത്തെ പിടിയിലായ ആറു മുതിര്‍ന്ന അത്‌ലറ്റുമാര്‍ നാഡ അച്ചടക്ക സമിതി മുന്‍പാകെ ഹാജരായി. ഇവരുടെ കേസ് സെപ്റ്റംബര്‍ 14 ലേക്കു മാറ്റി.

പ്രിയങ്ക പന്‍വര്‍, ടിയാന മേരി തോമസ്, കോമണ്‍വെല്‍ത്ത് ജേതാക്കളായ അശ്വിനി അകുഞ്ചി, മന്‍ന്ദീപ് കൗര്‍, സിനി ജോസ് എന്നിവരാണ് ഇന്നു ഹാജരായത്. ലോങ് ജെംപ് താരം ഹരികൃഷ്ണയുടെ കേസ് സെപ്റ്റംബര്‍ 16 ലേക്കും മാറ്റിയിട്ടുണ്ട്.