ന്യൂദല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി മലയാളിയായ രഞ്ജന്‍ മത്തായി ചുമതലയേറ്റു. വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് നിരുപമറാവു വിരമിച്ച ഒഴിവിലാണ് ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന രഞ്ജന്‍ മത്തായി എത്തിയത്.

വിദേശകാര്യ സെക്രട്ടറിയായി രണ്ടുവര്‍ഷമാണ് കാലാവധി. നിരുപമറാവുവിനെ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചിട്ടുണ്ട്.

പാക്കിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 1974 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് മത്തായി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്.

പുനെ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദാനന്തരബിരുദം നേടിയ രഞ്ജന്‍ മത്തായി, പുനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രൊഫസറായിരുന്ന മാവേലിക്കര പീടികയില്‍ തോമസ് മത്തായിയുടെ മകനാണ്. അമ്മ സാറ.

വിയന്ന, കൊളംബോ, വാഷിംഗ്ടണ്‍, ടെഹ്‌റാന്‍, ബ്രസല്‍സ് സ്ഥാനപതി കാര്യാലയങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, മാലിദ്വീപ് എന്നിവയുടെ ചുമതലയുള്ള ജോയന്റ് സെക്രട്ടറിയായിരുന്നു. ഇസ്രായേലിലും ഖത്തറിലും സ്ഥാനപതിയായിരുന്നു. യു.കെ.യില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.