എഡിറ്റര്‍
എഡിറ്റര്‍
ലസ്റ്ററിന്റെ നീലവെളിച്ചത്തില്‍ ഇനി റാനിയേരിയില്ല; ടീമിന്റെ ചരിത്രത്തിലെ എറ്റവും മികച്ച പരിശീലകനെ പുറത്താക്കി ലസ്റ്റര്‍ സിറ്റി
എഡിറ്റര്‍
Friday 24th February 2017 11:20am


ലെസ്റ്റര്‍: അപ്രതീക്ഷിതമായ പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ക്ലൗഡിയോ റാനിയേരിയെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കി ലസ്റ്റര്‍ സിറ്റി. റാനിയേരിയെ പുറത്താക്കിയതിന്റെ ഞെട്ടലിലാണ് ഫോക്‌സിന്റെ ആരാധകര്‍.

കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ച റാനിയേരിയ്ക്ക് ഈ സീസണില്‍ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയതോടെ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനത്തിന് വെല്ലുവിളികള്‍ ഉയരുകയായിരുന്നു. തരംതാഴ്ത്തലിന്റെ വക്കത്താണ് ടീം ഇപ്പോഴുള്ളത്. ഒരു പോയന്റിന്റെ വ്യത്യാസത്തിലാണ് ടീം രക്ഷപ്പെട്ട് നില്‍ക്കുന്നത്.


Also Read: കഴുതകളാണ് എന്റെ റോള്‍ മോഡല്‍; ജനമെന്ന ഉടമയ്ക്ക് വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്ന കഴുതയാണ് താനെന്ന് നരേന്ദ്രമോദി


ചാമ്പ്യന്‍സ് ലീഗില്‍ സെവിയയോട് ഏറ്റുവാങ്ങിയ 2-1 ന്റെ തോല്‍വി ടീമിന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അതോടെയാണ് കിംഗ് പവര്‍ സ്റ്റേഡിയത്തിന്റെ അമരത്തുനിന്നും റാനിയേരിയെ പുറത്താക്കുന്നത്.

ലസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും മികച്ച പരിശീലകനാണ് റാനിയേരി എന്ന് ടീമുടമകള്‍ പുറത്തിറക്കിയ പുറത്താക്കല്‍ പത്രികയില്‍ വിശേഷിപ്പിച്ചത്. 133 വര്‍ഷത്തെ പാരമ്പര്യമുള്ള ലസ്റ്ററിനെ ഫുട്‌ബോള്‍ ലോകത്ത് അടയാളപ്പെടുത്തിയ പരിശീലകനാണ് റാനിയേരി. ലസ്റ്ററിന്റെ ആദ്യത്തെ, ടീം-മാനേജറായ റാനിയേരിയുമായി പിരിയുകയാണെന്നാണ് ടീം അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

2015 ല്‍ ടീമിന്റെ പരിശീലകനായി നിയമിതനായ റാനിയേരി ഫോക്‌സിനെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്കായിരുന്നു മുന്നില്‍ നിന്ന് നയിച്ചത്. അദ്ദേഹത്തിന്റെ കീഴിലാണ് ടീം തങ്ങളുടെ ആദ്യത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.

എന്നാല്‍ ഈ സീസണില്‍ കഴിഞ്ഞ സീസണിന്റെ നിഴല്‍ പോലുമാകാന്‍ ലസ്റ്ററിന് സാധിക്കാതെ പോവുകയായിരുന്നു. 25 മത്സരത്തില്‍ നിന്നും വെറും അഞ്ച് മത്സരത്തില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. എഫ്.എ കപ്പിലും ടീം പുറത്താക്കപ്പെട്ടിരിക്കുകയാണ്.

ഒന്നുമല്ലാതിരുന്ന ലസ്റ്ററിന്റെ നീല വെളിച്ചം ലോകം മുഴുവന്‍ പരത്തിയ റാനിയേരി കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തെ ആര് റാഞ്ചും എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Advertisement