എഡിറ്റര്‍
എഡിറ്റര്‍
എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മൈക്രോസോഫ്റ്റ് വിമുക്തമാക്കണം: വി.എസ് അച്യുതാനന്ദന്‍
എഡിറ്റര്‍
Thursday 18th May 2017 11:19am

തിരുവനന്തപുരം: നീരാളി വൈറസിന്റെ ആക്രമണത്തിന്റെയും തുടര്‍ന്നുണ്ടായ ഭീതിജനകമായ അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തില്‍, എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണമായും മൈക്രോസോഫ്റ്റ് വിമുക്തമാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ആവശ്യപ്പെട്ടു.

ലഭ്യമായ വിവരങ്ങള്‍ വെച്ച് മൈക്രോസോഫ്റ്റ് അധിഷ്ഠിത കമ്പ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിന് ഇരയായിട്ടുള്ളത്. സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറണം എന്ന നയപരമായ തീരുമാനം നിലവിലുണ്ടെങ്കിലും ചില ഓഫീസുകളില്‍ ഇപ്പോഴും കുത്തക സോഫ്റ്റ് വെയറുകളുടെ ഉപയോഗം തുടരുന്നുണ്ട്.


Dont Miss കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവേ അന്തരിച്ചു


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇത്തരം വൈറസ് ബാധ ഒഴിവാക്കണം. 2001-2006 കാലത്ത് കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി മൈക്രോസോഫ്റ്റ് അധിഷ്ഠിത പരിശീലനം നല്‍കാന്‍ ശ്രമമുണ്ടായതാണ്. അന്ന് ആ നീക്കം എതിര്‍ത്ത് തോല്‍പ്പിക്കപ്പെട്ടതിന്റെ ഫലമായി കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് മൈക്രോസോഫ്റ്റ് വിമുക്തമാണ്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഈ മാറ്റം ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ചില വകുപ്പുകളും ഓഫീസുകളും ഇപ്പോഴും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിയിട്ടില്ല എന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുണ്ടായ വൈറസ് ബാധ സൂചിപ്പിക്കുന്നത്.

സമയബന്ധിതമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മൈക്രോസോഫ്റ്റ് വിമുക്തമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും വി എസ് ആവശ്യപ്പെട്ടു.

Advertisement