ധാംബുള്ള: നോബോള്‍ ചെയ്ത് ഇന്ത്യന്‍ താരം സെവാഗിന് സെഞ്ചുറി നിഷേധിച്ചതിനെതിരേ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്ത്. ഇന്ത്യന്‍ ടീം മാനേജര്‍ രഞ്ജിത് ബിസ്വാളിനെ വിളിച്ചാണ് ബോര്‍ഡ് ഖേദപ്രകടനം നടത്തിയത്. മനപ്പൂര്‍വ്വം നോബോള്‍ ചെയ്ത സുരാജ് റണ്‍ദീവിനെതിരേ നടപടി സ്വീകരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

34 ാം ഓവറിലായിരുന്നു സംഭവം. രണ്‍ദീവ് ബോള്‍ചെയ്യാനെത്തുമ്പോള്‍ ഇന്ത്യക്ക് അഞ്ചുറണ്‍സ് മതിയായിരുന്നു. ആദ്യ പന്ത് വിക്കറ്റ്കീപ്പര്‍ സംഗക്കാരയെയും കബളിപ്പിച്ച് ബൗണ്ടറി കടന്നു. തുടര്‍ന്നുള്ള മൂന്നുപന്തുകളും സെവാഗ് പ്രതിരോധിച്ചു. അടുത്തപന്തില്‍ മിഡ് ഓഫിനു മുകളിലൂടെ സെവാഗ് സിക്‌സര്‍ നേടി. എന്നാല്‍ പന്ത് നോബോളാണെന്ന് അമ്പയര്‍ വിധിക്കുകയായിരുന്നു. റണ്ണിംഗില്‍ മനപ്പൂര്‍വ്വം പിഴവുവരുത്തിയാണ് റണ്‍ദീവ് നോബോള്‍ ചെയ്തതെന്നു വ്യക്തമായിരുന്നു.

രണ്‍ദീവ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റു കാണിച്ചില്ലെന്ന് സെവാഗ് മല്‍സരശേഷം അഭിപ്രായപ്പെട്ടിരുന്നു. രണ്‍ദീവിന്റെ നടപടിയില്‍ നിരവധി ക്രിക്കറ്റ് വിദഗ്ധര്‍ പ്രതിഷേധിച്ചിരുന്നു.