കോട്ടയ്ക്കല്‍: ദേശീയപാതയില്‍ രണ്ടത്താണിയില്‍ കാറുമായി കൂട്ടിയിടിച്ച ടാങ്കര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മറിഞ്ഞ് അമ്മയും കുഞ്ഞുമടക്കം മൂന്നുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ മൂച്ചിക്കലിലാണ് അപകടം. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച രണ്ടത്താണി മുച്ചിക്കല്‍ കൊല്ലന്‍തൊടിയില്‍ അവറാന്‍കുട്ടിയുടെ ഭാര്യ ഉമ്മിണിയത്ത് സുലൈഖ(35) മകന്‍ മുഹമ്മദ് സഫീര്‍(പത്തുമാസം) കാര്‍ഡ്രൈവര്‍ കണ്ണുര്‍ സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഒട്ടോഡ്രൈവറും സുലൈഖയുടെ ഭര്‍ത്താവുമായ അവറാന്‍കുട്ടിയെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിലെ യാത്രക്കാരായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ സുനില്‍, പ്രജീഷ്, സന്തോഷ്, സാബു,  എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രണ്ടത്താണി ആറ്റുപുറത്തു നിന്നു നോമ്പുതുറകഴിഞ്ഞു മടങ്ങുകയായിരുന്നു ഓട്ടോയിലുള്ളവര്‍. ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാര്‍ ടാങ്കറില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ടാങ്കര്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മൂന്നാറില്‍ വിനോദയാത്രക്കു പോയി മടങ്ങുന്നവരാണ് കാറിലുണ്ടായിരുന്നത്. മരിച്ച സുലൈഖയുടെ പിതാവ്: മമ്മദ്, മാതാവ്: ആയമ്മക്കുട്ടി, സഹോദരന്‍ മുസ്തഫ.