റാഞ്ചി: ജാര്‍ഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളം ആദ്യ സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ തുഴച്ചിലിലാണ് കേരളം സ്വര്‍ണം കരസ്ഥമാക്കിയിരിക്കുന്നത്.

തുഴച്ചിലിലെ കോക്‌ലെസ്-4 വിഭാഗത്തിലാണ് കേരള ടീം സ്വര്‍ണമണിഞ്ഞത്. ജൂലി വര്‍ഗീസ്, ലിബിനി, നിത്യ ജോസഫ്, സുരഭി ടീമാണ് സ്വര്‍ണം നേടിയത്. നേരത്തേ കേരളത്തിനായി മല്‍സരിച്ച മണിപ്പൂരി താരം വെങ്കോലൈമ ചാനു ആദ്യമെഡല്‍ കരസ്ഥമാക്കിയിരുന്നു.
പുരുഷന്‍മാരുടെ തുഴച്ചില്‍ ടീം മൂന്ന് വെങ്കലവും കേരളത്തിനായി സ്വന്തമാക്കിയിട്ടുണ്ട്.

62 കിലോയ്ക്ക് താഴെയുള്ള തായ്‌കോന്‍ഡോ വിഭാഗത്തിലായിരുന്നു ചാനു വെങ്കലമെഡല്‍ നേടിയത്. കര്‍ണാടകയുടെ രേഖാദേവിയാണ് ഈയിനത്തില്‍ സ്വര്‍ണം നേടിയത്.

പത്ത് സ്വര്‍ണം, അഞ്ച് വെള്ളി, പത്ത് ബ്രോണ്‍സുമായി മണിപ്പൂരാണ് ഒന്നാംസ്ഥാനത്തുള്ളത്. ഒന്‍പത് സ്വര്‍ണത്തോടെ മധ്യപ്രദേശ് രണ്ടാമതും ഏഴു സ്വര്‍ണത്തോടെ സര്‍വ്വീസസ് മൂന്നാംസ്ഥാനത്തുമാണ്.