എഡിറ്റര്‍
എഡിറ്റര്‍
റാന്‍ബാക്‌സി ജനറിക് ലിപിറ്റര്‍ മരുന്നുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു
എഡിറ്റര്‍
Saturday 24th November 2012 1:11pm

മുംബൈ: റാന്‍ബാക്‌സീസ് ലാബോറട്ടറീസ് ലിമിറ്റഡിന്റെ കൊളസ്‌ട്രോള്‍ നിയന്ത്രണ മരുന്നായ ജനറിക് ലിപിറ്റര്‍ അമേരിക്കന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു.

വലിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്ന ആരോപണത്തെ തുടര്‍ന്നാണ് ജനറിക് ലിപിറ്റര്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ കമ്പനി തയ്യാറായത്.

എന്നാല്‍ മരുന്ന് തിരിച്ചുവിളിക്കാനുള്ള യഥാര്‍ത്ഥ കാരണം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനറിക് ലിപിറ്റര്‍ മരുന്നിനെ കുറിച്ചുണ്ടായ വ്യാപകമായ പരാതിയും വിവാദങ്ങളും മൂലം കമ്പനിയുടെ മാര്‍ക്കറ്റ് വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

Ads By Google

അമേരിക്കന്‍ മാര്‍ക്കറ്റുകളില്‍ നിന്നും മരുന്നുകള്‍ പൂര്‍ണമായും പിന്‍വലിച്ചുകഴിഞ്ഞു. അമേരിക്കയില്‍ ജനറിക് ലിപിറ്റര്‍ വിപണനം ചെയ്യുന്ന വലിയ കമ്പനികളില്‍ ഒന്നാണ് റാന്‍ബാക്‌സി. ഫൈസറിന് ശേഷം അമേരിക്കന്‍ വിപണിയില്‍ ലിപിറ്റര്‍ പുറത്തിറക്കിയത് റാന്‍ബാക്‌സിയാണ്.

അതേസമയം, റാന്‍ബാക്‌സി മരുന്നുകള്‍ തിരിച്ചുവിളിക്കാന്‍ തുടങ്ങിയത് ഫൈസറിന്റെ വിപണനത്തേയും ബാധിച്ചിട്ടുണ്ട്. റാന്‍ബാക്‌സിയുടെ തീരുമാനം ഫൈസറിന്റെ വിപണിയെ എങ്ങനെയാണ് ബാധിച്ചതെന്ന് മനസിലാക്കുന്നതിനായി അന്വേഷണത്തിന് ഫൈസര്‍ കമ്പനി ഉത്തരവിട്ടിട്ടുണ്ട്.

രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

റാന്‍ബാക്‌സിയുടെ പിന്‍മാറ്റം ലിപിറ്റര്‍ നിര്‍മിക്കുന്ന മറ്റ് കമ്പനികളുടേയും വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അതേസമയം തന്നെ റാന്‍ബാക്‌സിയുടെ മൊത്തം വിശ്വാസ്യതയെ ബാധിച്ചത് കമ്പനിയുടെ ഷെയര്‍മാര്‍ക്കറ്റില്‍ നാല് ശതമാനം വരെ ഇടിവുണ്ടാക്കി.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് റാന്‍ബാക്‌സിയുടെ ഫാക്ടറിയുടേയും റിസര്‍ച്ച് ലാബിന്റെയും നിര്‍മാണം അശാസ്ത്രീയമാണെന്ന് കാണിച്ച് എഫ്.ഡി.എ (Food And Drug Administration) അവിടെ നിര്‍മിക്കുന്ന മരുന്നുകള്‍ പൂര്‍ണമായും നിരോധിച്ചിരുന്നു.

ഈ വര്‍ഷം ആദ്യം മുഴുവന്‍ പോരായ്മകളും പരിഹരിച്ച് ഉത്പാദനം തുടങ്ങുമെന്ന് റാന്‍ബാക്‌സി അറിയിച്ചിരുന്നെങ്കിലും ചെയ്തില്ലെന്നാണ് അറിയുന്നത്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയെ തുടര്‍ന്ന് 500 മില്യണ്‍ ഡോളറിന്റെ പിഴ ഈടാക്കിയിരുന്നെങ്കിലും അതും കമ്പനി നല്‍കിയിരുന്നില്ല.

റാന്‍ബാക്‌സിയുടേയും സണ്‍ഫാര്‍മയുടേയും അടക്കമുള്ള മരുന്നുകളാണ് ഇന്ത്യന്‍ വിപണിയില്‍ കൂടുതലായും വില്‍ക്കപ്പെടുന്നത്. കമ്പനിയുടെ മരുന്നുകള്‍ അമേരിക്കന്‍ വിപണിയില്‍ നിന്ന് മാത്രമാണ് തിരിച്ചുവിളിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും ഈ മരുന്നുകള്‍ സുലഭമാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാവും രാജ്യത്തെ ജനങ്ങളില്‍ ഉണ്ടാക്കുക. ഇതിനെതിരെ അധികൃതര്‍ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.

ഡോക്ടര്‍മാരുടെ കുറിപ്പ് ഇല്ലാതെ തന്നെ ഈ മരുന്ന് വിപണിയില്‍ ലഭ്യമാകുന്നതിനാല്‍ ഇത് ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് പറയാന്‍ സാധിക്കില്ല.

Advertisement