ബാച്ചിലര്‍ പാര്‍ട്ടിയിലെ ഐറ്റം നമ്പര്‍ ഡാന്‍സിന് ശേഷം രമ്യാനമ്പീശന്‍  കണ്ടംപററി ഡാന്‍സുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

സാഹസികതയും മെയ്‌വഴക്കവും ആവോളം വേണ്ട ഈ ഡാന്‍സ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ത്രില്ലര്‍ ചിത്രത്തിലാണ് രമ്യ പരീക്ഷിക്കുന്നത്.

സമകാലീന നൃത്ത രൂപങ്ങളുടെയെല്ലാം ഒരു സങ്കലന രൂപമാണ് കണ്ടംപററി ഡാന്‍സ്. വീണ എന്ന ഡാന്‍സറായാണ് രമ്യ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത്ത്, നിവിന്‍ പോളി, പ്രതാപ് പോത്തന്‍, ലെന തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

അഞ്ചു വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ ഒരിക്കല്‍ യാദൃശ്ചികമായി കണ്ടു മുട്ടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ഇതിവൃത്തം

രമ്യയുടെ സൃഹൃത്തായ ഒരു ക്രിയേറ്റീവ് ഡയറക്ടറുടെ റോളിലാണ് ഇന്ദ്രജിത്ത്. ഒരു റെസ്‌റ്റോറന്റിലെ വെയിറ്ററായാണ് നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്. പ്രതാപ് പോത്തന്‍ ഒരു മനശാസ്ത്രജ്ഞന്റെ വേഷത്തിലും ലെന ഒരു ബിസിനസ് മേധാവിയുടെ റോളിലും അഭിനയിക്കുന്നു.

ഈ സിനിമയിലെ കഥാപാത്രത്തിന്റെ വിജയത്തിനായി  കണ്ടംപററി ഡാന്‍സ്  പരിശീലിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ മലയാളത്തിന്റെ രമ്യാ നമ്പീശന്‍.

ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, അരുണ്‍ കുമാര്‍ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടി.കെ. രാജീവ് കുമാറിന്റെ അപ് ആന്റ് ഡൗണ്‍ എന്നിവയാണ് രമ്യ അഭിനയിക്കുന്ന മറ്റ് ചിത്രങ്ങള്‍.