ന്യൂദല്‍ഹി:ബാബാ രാംദേവിനെ അറസ്റ്റു ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ഒ രാജഗോപാല്‍. രാംദേവിന്റെ അറസ്റ്റിലൂടെ അടിയന്തിരാവസ്ഥ ആവര്‍ത്തിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ദ്ധരാത്രിയില്‍ സ്ത്രീകളെയും കുട്ടികളെയും പോലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഇതിന് കനത്തവില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാംദേവിന്റെ അറസ്റ്റിനെ കോണ്‍ഗ്രസ് ന്യായീകരിച്ചു. ഭരണസംവിധാനത്തിന്റെ ഭാഗമായാണ് രാംദേവിന്റെ അറസ്‌റ്റെന്നും രാംദേവിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിനെതിരായ ആരോപണങ്ങളും അന്വേഷിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

രാംദേവിന്റെ സമരത്തിനുപിന്നില്‍ സംഘ്പരിവാറും ആര്‍ എസ് എസ്സുമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. രാഷ്ട്രീയമുതലെടുപ്പിനായി സംഘ്പരിവാര്‍ രാംദേവിനെ സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.