Categories

കണിച്ചുകുളങ്ങര: വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന വാര്‍ത്ത തെറ്റ്

തിരുവനന്തപുരം: കണിച്ചുകുളങ്ങര കേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് പങ്കില്ലെന്ന് കാണിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നശേഷമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

മാര്‍ച്ച് 10നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. മാര്‍ച്ച് 1ന് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല. സര്‍ക്കാര്‍ തീരുമാനം ലഭിക്കാതെ വിജിലന്‍സിന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ മെയ്യില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടുമാസങ്ങള്‍ക്കുശേഷമാണ് ഈ റിപ്പോര്‍ട്ടില്‍ പരിഗണിച്ചിരിക്കുന്നത്.

രമേശിനെതിരെ ഉന്നയിച്ച പരാതികള്‍ വ്യാജമാണെന്നും, അതിനാല്‍ തുടര്‍നടപടികളൊന്നും ആവശ്യമില്ലെന്നും കാണിച്ച് മാര്‍ച്ച് പത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാര്‍ മുക്കിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയത്.

കണിച്ചുകുളങ്ങര കേസില്‍ പ്രതികളായ ഹിമാലയ ചിട്ടി ഫണ്ട് ഉടമകളെ രക്ഷിക്കാന്‍ രമേശ് കൈക്കൂലി വാങ്ങിയെന്നുംമറ്റുമുള്ള ആരോപണങ്ങളാണു കഴിഞ്ഞ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനു വിട്ടത്. കണിച്ചുകുളങ്ങര ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ വി.എ. ഹക്കീം ആയിരുന്നു പരാതിക്കാരന്‍. വിജിലന്‍സ് എ.സി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണു 2007 ഓഗസ്റ്റില്‍ അന്വേഷണം തുടങ്ങിയത്. 35 സാക്ഷികളെ വിസ്തരിച്ച്, മൂന്നു വര്‍ഷം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

പരാതിക്കാരന്‍ വിശ്വസനീയതയുള്ള ആളല്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റകരമായ പശ്ചാത്തലമുള്ള ഇയാള്‍ പൊലീസിന്റെ നോട്ടപ്പുള്ളിയാണ്. ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ ഇയാള്‍ ആരോപണങ്ങള്‍ പിന്‍വലിച്ചു. ആരോപണങ്ങളെക്കുറിച്ചു തെളിവു നല്‍കാന്‍ തയാറായില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.