തിരുവനന്തപുരം: എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സത്രാഗ്രഹമിരിക്കും. സെക്രട്ടറിയേറ്റിനു മുന്നിലാണ് ചെന്നിത്തല സത്യാഗ്രഹമിരിക്കുക.

നാളെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ചെന്നിത്തലയുടെ സത്യാഗ്രഹം. സംഭവം ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറില്‍ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതാണ് വിവാദമായത്. മലപ്പുറത്തെ മെറിറ്റ് എന്ന സ്വകാര്യ ട്യൂഷന്‍സെന്ററിലെ മാതൃകാ ചോദ്യപേപ്പറാണ് കണക്ക് പരീക്ഷക്ക് ആവര്‍ത്തിച്ചത്.

സംഭവത്തില്‍ ഒരു അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയും ഒരാളെ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്ന് വിലക്കുകയും ചെയ്തു.


Also Read: സബ്കളക്ടര്‍ സെക്‌സ് ടേപ്പ് ഉണ്ടാക്കിയിരുന്നെങ്കില്‍ ചര്‍ച്ചയായേനേ; ഉദോഗസ്ഥനെതിരായ ഭീഷണിയെ അവഗണിച്ച മലയാളി സമൂഹത്തെ പരിഹസിച്ച് പ്രശാന്ത് നായര്‍ ഐ.എ.എസ്


കണക്ക് പരീക്ഷാ വിവാദത്തിന് പിന്നാലെ പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ടും വിവാദമുയര്‍ന്നിരുന്നു. പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷാ പേപ്പര്‍ അതേ പടി ആവര്‍ത്തിക്കുകയായിരുന്നു. 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. വിവാദം ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അന്വേഷിക്കാനും വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചിരുന്നു.