Categories

Headlines

ഇത് മലയാളസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന തീരുമാനം; പൃഥ്വിരാജിന് പ്രശംസയുമായി രമേശ് ചെന്നിത്തല

കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ സ്ത്രീവിരുദ്ധതയുള്ള ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന നടന്‍ പൃഥ്വിരാജിന്റെ നിലപാടിനെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൃഥ്വിയുടെ നിലപാട് മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സിനിമയില്‍ മദ്യപിക്കുകയു പുകവലിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ കാണിക്കുമ്പോള്‍ അവ ആരോഗ്യത്തിന് ഹാനികാരമെന്ന് മുന്നറിയിപ്പ് കാണിക്കാറുണ്ട്. കൂടാതെ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളും മറ്റും എങ്ങനെ ഉള്‍പ്പെടുന്നു എന്ന് താന്‍ പലപ്പഴും ചിന്തിക്കാറുണ്ടെന്നും ചെന്നിത്തല പറയുന്നു.

ഇത്തരം സംഭാഷണങ്ങള്‍ കേട്ട് കയ്യടിക്കാന്‍ മലയാളിയുടെ ഉന്നത സാംസ്‌കാരിക ബോധം എങ്ങനെ ബാധിക്കുന്നുവെന്നും ഓര്‍ക്കാറുണ്ടെന്നും അത് തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും ചെന്നിത്തല കുറിക്കുന്നു.

നമ്മുടെ നിലപാടുകള്‍ തന്നെയാണ് നമ്മുടെ വിധി നിശ്ചയിക്കുന്നതെന്ന് പറഞ്ഞാണ് ചെന്നിത്തല പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ചെന്നിത്തലയുടെ ഫെയ്‌സ്ബു്ക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മദ്യപാനത്തിന്റെയും പുകവലിയുടെയും ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ വരുമ്പോള്‍ ഇവയെല്ലാം ആരോഗ്യത്തിനു ഹാനീകരണം ആണെന്ന ബോധവല്‍ക്കരണ അറിയിപ്പും കൂടെ പ്രത്യക്ഷപ്പെടാറുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്ന രംഗം ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. സിനിമയില്‍ മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം വരെ ഇപ്പോള്‍ ബാധകമാക്കാറുണ്ട്. സിനിമയിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും മനുഷ്യ മനസ്സില്‍ വലിയ സ്വാധീനം ചൊലുത്തുമെന്നതിനാലാണ് ഇത്രയും നിയന്ത്രണങ്ങള്‍. ചെറിയ കാര്യങ്ങളില്‍ പോലും ഇത്രയും ശ്രദ്ധയുള്ള സിനിമയില്‍, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും എങ്ങനെ ഉള്‍പ്പെടുന്നു എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇത്തരം ഡയലോഗുകള്‍ കേട്ട് കയ്യടിക്കാന്‍ മലയാളിയുടെ ഉന്നത സാംസ്‌കാരിക ബോധം എങ്ങനെ അനുവദിക്കുന്നു എന്നും അദ്ഭുതപ്പെടാറുണ്ട്.ഇതുവരെ നടത്തിയ സ്ത്രീവിരുദ്ധ അഭിനയങ്ങള്‍ക്കു മാപ്പ് പറഞ്ഞും ഇനിമേല്‍ ഇത്തരം വേഷങ്ങള്‍ ഒഴിവാക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ച മലയാളിയുടെ പ്രിയനടന്‍ പൃഥ്വിരാജിനെ ഞാന്‍ ഹൃദയം തുറന്നു അഭിനന്ദിക്കുന്നു. നമ്മുടെ നിലപാട് തന്നെയാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത്. പൃഥ്വിരാജിന്റെ ഈ നിലപാട് മലയാള സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകും എന്നതില്‍ സംശയമില്ല.