പിറവം: രാജിവെച്ച നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജിന്റെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് പിറവം ഉപതെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ പിറവം ഉപതെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സി.പി.ഐ.എമ്മില്‍ നിന്നും രാജിവെച്ച ശെല്‍വരാജ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഉമ്മന്‍ ചാണ്ടി ഇങ്ങിനെ പറഞ്ഞത്. സ്ഥാനാര്‍ഥിയാരെന്ന് യു.ഡി.എഫ് തീരുമാനിക്കും. യു.ഡി.എഫിലേക്കില്ലെന്നാണ് ശെല്‍വരാജ് പറഞ്ഞത്. ശെല്‍വരാജ് സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണക്കുമോ എന്ന ചോദ്യത്തിന്, അത്തരം സാഹചര്യങ്ങളൊന്നും സംജാതമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജിക്കുമുമ്പ് ശെല്‍വരാജ് കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഇക്കാര്യങ്ങള്‍ക്കെല്ലാം ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

എന്നാല്‍, ശെല്‍വരാജിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ള നേതാക്കള്‍ വേറെയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പണം കൊടുത്ത് ആളെ പിടിക്കേണ്ട ഗതികേടൊന്നും കോണ്‍ഗ്രസിന് വന്നിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English