ന്യൂദല്‍ഹി: സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ഘടകക്ഷികള്‍ അവരുടെ വാദങ്ങള്‍ മയപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ആദ്യഘട്ട സീറ്റുവിഭജന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയാിരുന്നു അദ്ദേഹം.

ഘടകകക്ഷികളുമായി ആദ്യഘട്ട ചര്‍ച്ചകള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. കൂടുതല്‍ സീറ്റ് വേണമെന്ന അവരുടെ ആവശ്യം ന്യായമാണ് .എന്നാല്‍ എല്ലാ ആവശ്യങ്ങളും നടപ്പാക്കാന്‍ പ്രയാസമാണ്. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അവര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ യു.ഡി.എഫിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. യു.ഡി.എഫിനെ നയിക്കാന്‍ നിലവധി പ്രഗത്ഭര്‍ കേരളത്തിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുന്നണിവിട്ട് പോകേണ്ടവര്‍ക്ക് പോകാമെന്ന് പി.പി തങ്കച്ചന്‍ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഘടകകക്ഷികളുമായുള്ള പ്രശ്‌നം പരിഹരിച്ചതിനു ശേഷമായിരിക്കും കോണ്‍ഗ്രസിന്റെ സീറ്റ് വിഷയം ചര്‍ച്ചചെയ്യുകയെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

താന്‍ മല്‍സരിക്കുന്ന കാര്യം ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ലെന്നും 12ന് നടക്കുന്ന ചര്‍ച്ചയില്‍ കേരളത്തിന്റെ ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രി പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.