കണ്ണൂര്‍: അഞ്ചാം മന്ത്രി ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. മന്ത്രിക്ക് പകരം മറ്റ് പദവി നല്‍കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ അഞ്ചാം മന്ത്രി സ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തുവന്ന പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

അതേസമയം അഞ്ചാം മന്ത്രിപ്രശ്‌നം ചര്‍ച്ച ചെയ്യാനായി ദല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. കെ.പി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായും മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദുമായി എ.ഐ.സി.സി നേതാവ് മധുസൂദനന്‍ മിസ്ത്രിയുമായും കൂടിക്കാഴ്ച നടത്തി. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ചെന്നിത്തല അഹമ്മദ് കൂടിക്കാഴ്ച. 9.45 ഓടെ മധുസൂദനന്‍ മിസ്ത്രിയുമായും പിന്നീട് ആന്റണിയുമായും കൂടിക്കാഴ്ച നടത്തി. 11.40 ഓടെ ചെന്നിത്തല സോണിയാഗാന്ധിയെ കാണുമെന്നാണ് സൂചന. അഹമ്മദ് പട്ടേലിനെയും കാണാന്‍ ചെന്നിത്തസ ശ്രമിക്കുന്നുണ്ട്.

അതേസമയം പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഇന്ന് വൈകീട്ട് മൂന്നിന് പാണക്കാട് ലീഗ് യോഗം ചേരും. മന്ത്രിപ്രശ്‌നം പാണക്കാട് പലഘട്ടങ്ങളിലും ചര്‍ച്ചയായിരുന്നുവെങ്കിലും ആദ്യമായാണ് ലീഗ് യോഗം ചേരുന്നത്.

ഇന്നലെ ഇ.അഹമ്മദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്ന് ഇ. അഹമ്മദ് വ്യക്തമാക്കി. കോണ്‍ഗ്രസും മുസ്‌ലിംലീഗും കൂട്ടായി തീരുമാനമെടുക്കും. നിരാശപ്പെടേണ്ടിവരില്ല. രണ്ടു പാര്‍ട്ടികളും തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്നും അഹമ്മദ് വ്യക്തമാക്കി.

സോണിയയുടെ 10 ജന്‍പഥ് വസതിയില്‍ നടന്ന ചര്‍ച്ച അരമണിക്കൂര്‍ നീണ്ടു. ഹൈകമാന്റിന്റെ തീരുമാനം അഹമ്മദിനെ സോണിയ അറിയിച്ചെന്നാണ് വിവരം. അത് ലീഗിന് അനുകൂലമാണെന്ന സൂചനയാണ് അഹമ്മദ് നല്‍കുന്നത്. എന്നാല്‍, അഞ്ചാം മന്ത്രിയെ അനുവദിക്കേണ്ടതില്ലെന്നാണ് ഹൈകമാന്‍ന്റ് തീരുമാനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും പറയുന്നു.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ദുബൈയില്‍നിന്ന് പുലര്‍ച്ചെ ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അദ്ദേഹവും സോണിയയുമായി ചര്‍ച്ച നടത്തുന്നുണ്ട്. അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ പരിഹാരം സങ്കീര്‍ണമായ സാഹചര്യത്തിലാണ് അഹമ്മദിന്റെ കൂടിക്കാഴ്ചകള്‍. അഞ്ചാം മന്ത്രിക്കായി ലീഗ് വാശിപിടിക്കുകയാണെങ്കില്‍ കേന്ദ്രമന്ത്രിസ്ഥാനം അഹമ്മദ് ഒഴിയട്ടെയെന്ന് കെ.പി.സി.സി നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

Malayalam News

Kerala News in English