എഡിറ്റര്‍
എഡിറ്റര്‍
രമേശ് ചെന്നിത്തല മന്ത്രിയായാല്‍ യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ തീരും: വെള്ളാപ്പള്ളി
എഡിറ്റര്‍
Monday 12th November 2012 12:54pm

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിയാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തിയാല്‍ യു.ഡി.എഫിലെ പാതി പ്രശ്‌നങ്ങള്‍ തീരും. ഇന്നത്തെ അവസ്ഥയില്‍ പുന:സംഘടന അനിവാര്യമാണെന്നാണ് തോന്നുന്നത്. എന്നാല്‍ ഇതില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്.

Ads By Google

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്ന് ചെന്നിത്തല നിയമസഭയിലേക്ക് മത്സരിച്ചത് അധികാര രാഷ്ട്രീയത്തിലെത്താനാണ്. അദ്ദേഹം അധികാരത്തിലെത്തുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാല്‍ അതുണ്ടായില്ല. കെ.പി.സി.സി പ്രസിഡന്റായ ഒരാള്‍ എം.എല്‍.എമാത്രമായി തുടരുന്നത് ശരിയല്ല.

മന്ത്രിയാകാനല്ലെങ്കില്‍ പിന്നെ രമേശ് എന്തിനാണ് എം.എല്‍.എ ആയതെന്നും അദ്ദേഹം ചോദിച്ചു. പിന്നില്‍ നിന്നുള്ള ഡ്രൈവിങ് അല്ല, മുന്നില്‍ നിന്നുള്ള ഡ്രൈവിങ്ങാണ് രമേശ് ചെന്നിത്തലയ്ക്ക് യോജിക്കുകയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

രമേശ് മന്ത്രിയാകുന്നത് സാമുദായിക ഘടനയ്ക്ക് വിരുദ്ധമാകില്ലെന്നും സാമുദായിക ഘടന എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയാകണമെന്ന ആര്യാടന്‍ മുഹമ്മദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. മന്ത്രിസഭയിലെത്തുന്നില്ലെങ്കില്‍ എം.എല്‍.എ സ്ഥാനമോ കെ.പി.സി.സി അധ്യക്ഷസ്ഥാനമോ രാജിവെയ്ക്കാന്‍ ചെന്നിത്തല തയാറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

വി.ഡി.സതീശന്‍ എം.എല്‍.എ ആകാന്‍ പ്രാഗത്ഭ്യമുള്ളയാളാണെന്നും അദ്ദേഹത്തിന് മന്ത്രിയാകാന്‍ ആഗ്രമുണ്ടായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫിലെ ഹരിത എം.എല്‍.എമാരുടെ പരസ്യപ്രതികരണത്തിന്റെ പ്രേരകശക്തി രാഷ്ട്രീയ മോഹഭംഗമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisement