ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് അനുമതി നല്‍കി. ഹൈക്കമാന്റാണ് ഇതിനുള്ള അനുമതി നല്‍കിയത്.

ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. രമേശ് ചെന്നിത്തല മല്‍സരിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വലിയ എതിര്‍പ്പൊന്നും ഉണ്ടാകാനിടയില്ലെന്നാണ് സൂചന. രമേശ് ചെന്നിത്തല മല്‍സരിക്കുന്നതിനോട് അനുകൂല നിലപാടാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് മുരളീധരനും സ്വീകരിച്ചത്.

എന്നാല്‍ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരുമിച്ച് മല്‍സരിക്കാനിറങ്ങിയാല്‍ മുന്നണിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് പ്രവര്‍ത്തകര്‍ നയിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സോണിയാഗാന്ധിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ചെന്നിത്തലയ്ക്ക് അനുമതി നല്‍കിയത്. ഹരിപ്പാട്, വട്ടിയൂര്‍ക്കാവ, ചെങ്ങന്നൂര്‍ എന്നീ സീറ്റുകളില്‍ എതെങ്കിലുമൊന്നില്‍ ചെന്നിത്തല മല്‍സരിക്കുമെന്നാണ് സൂചന.

1982ല്‍ ചെന്നിത്തലയെ നിയമസഭയിലേക്ക് അയച്ച മണ്ഡലമായ ഹരിപ്പാടിനാണ് സാധ്യത കൂടുതല്‍. ചെന്നിത്തല പഞ്ചായത്ത് അടങ്ങുന്ന ചെങ്ങന്നൂരാണ് മറ്റൊരു മണ്ഡലം. ഈ രണ്ട് മണ്ഡലങ്ങളിലും മല്‍സരിക്കില്ലെങ്കില്‍ മാത്രമായിരിക്കും തിരുവനന്തപുരത്തെ പുതുതായി രൂപീകരിച്ച വട്ടിയൂര്‍ക്കാവില്‍ ചെന്നിത്തല ശക്തി പരീക്ഷിക്കുക.