കൊച്ചി: പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും കത്തയച്ചതിലൂടെ യു.ഡി.എഫില്‍ ഒറ്റപ്പെട്ട സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന് പിന്തുണയുമായി കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല രംഗത്ത്.

“വ്യക്തിപരമായി പരാതി നല്‍കാന്‍ ജോര്‍ജ്ജിന് സ്വാതന്ത്രമുണ്ട്. ഇതിന്റെ പേരില്‍ അദ്ദേഹം ചീഫ് വിപ്പ് സ്ഥാനം രാജി വെയ്ക്കണ്ട ആവശ്യമില്ല”. പരാതി നല്‍കിയതിന്റെ പേരില്‍ ജോര്‍ജ്ജിനെ കോണ്‍ഗ്രസ്സും യു.ഡി.എഫും തള്ളിപ്പറയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം യു.ഡി.എഫില്‍ ആലോചിക്കാതെയാണ് പി.സി.ജോര്‍ജ്ജ് പരാതി നല്‍കിയതെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. നേരത്തെ വി.ഡി സതീശനടക്കം ചില യു.ഡി.എഫ് നേതാക്കള്‍ ജോര്‍ജ്ജിന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.

എന്നാല്‍ പൗരനെന്ന നിലയിലാണ് പരാതി നല്‍കിയതെന്നും കോടതിയോട് അനാദരവില്ലെന്നും ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പി.സി.ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ പി.സി.ജോര്‍ജ്ജ് രാജിവെയ്‌ക്കേണ്ടതില്ലെന്ന അഭിപ്രായവുമായി ഇന്നെല മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയിരുന്നു.