പാലക്കാട്: കെ.പി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അട്ടപ്പാടി സന്ദര്‍ശനത്തിന് ഒപ്പം കൂട്ടിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതൃത്വം വഴിയിലുപേക്ഷിച്ചു. ചെന്നിത്തലയുടെ ഊരു സമ്പര്‍ക്ക പരിപാടിക്കായി ഡി.സി.സി ഓഫീസില്‍ നിന്ന് പ്രത്യേക ക്ഷണം ലഭിച്ചാണ് മാധ്യമപ്രവര്‍ത്തകരെത്തിയത്. പ്രസ്‌ക്ലബ്ബില്‍ നിന്ന് ഡി.സി.സി നേതൃത്വം ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ അട്ടപ്പാടിയിലെത്തിയത്.

പ്രധാന പരിപാടികള്‍ കഴിഞ്ഞ് വൈകീട്ട് മടങ്ങാന്‍ തുടങ്ങവേ തിരിച്ചു പോകാന്‍ വാഹനമൊന്നുമില്ലെന്ന മറുപടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഈ സമയമാവുമ്പോഴേക്കും അട്ടപ്പാടിയില്‍ നിന്ന് പാലക്കാട്ടേക്കുള്ള അവസാന ബസ് സര്‍വ്വീസും കഴിഞ്ഞിരുന്നു. രാത്രി താമസത്തിന് പോലും സൗകര്യമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ അട്ടപ്പാടിയില്‍ കുടുങ്ങി.

തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു ഒരു ഡി.സി.സി ഉന്നതന്റെ മറുപടിയെന്ന് ആക്ഷേപമുണ്ട്. ചെന്നിത്തലയുടെ ഊരുസമ്പര്‍ക്ക പരിപാടി കലക്കുകയായിരുന്നു ഇതിന്റെ പിന്നിലെ ഉദ്ദേശമെന്നാണ് ലഭിക്കുന്ന സൂചന. മാധ്യമങ്ങളെ പെരുവഴിയിലാക്കി പരിപാടിക്കെതിരാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പറയുന്നു. ഡി.സി.സിയില്‍ അടുത്ത കാലത്ത് നിയമന വിവാദത്തില്‍ കുടുങ്ങിയ ഒരു നേതാവാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും വിവരമുണ്ട്.

അതേസമയം അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെക്കുറിച്ചറിയാന്‍ സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ചെന്നിത്തല സന്ദര്‍ശനത്തിനെത്തിയതെന്നാണ് റിപ്പോര്‍ട്ട്. അട്ടപ്പാടി ആദിവാസി മേഖലയില്‍ നക്‌സല്‍ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. രണ്ടുദിവസത്തെ പരിപാടി ഇന്നും തുടരും.

മണ്ണാര്‍ക്കാട്ട് പാര്‍ട്ടി നല്‍കിയ രണ്ട് സ്വീകരണവും കഴിഞ്ഞ് അട്ടപ്പാടിയിലേക്കു വന്ന അദ്ദേഹത്തിന് അതിര്‍ത്തിയായ മുക്കാലിയില്‍ ആദിവാസികളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. പരിപാടികള്‍ക്ക് ശേഷം പുതൂര്‍ മേലെ മുളളി ഊരിലായിരുന്നു ഭക്ഷണവും വിശ്രമവും. വിവിധ ആദിവാസി കലകളും അരങ്ങേറി. സമൂഹസദ്യയും ഉണ്ടായിരുന്നു. ഇന്ന് പുതൂര്‍, ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലെ വിവിധ ഊരുകളും കുടിയേറ്റ കാര്‍ഷിക മേഖലകളും ചെന്നിത്തല സന്ദര്‍ശിക്കും.