കണ്ണൂര്‍: ചാലയില്‍ ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

Ads By Google

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശ്രമിക്കും. കത്തിനശിച്ച വീടുകള്‍ക്കും കടകള്‍ക്കും പകരം കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്‍കണം. ഇതിന്റെ നിര്‍മാണത്തിനാവശ്യമായ തുക മുഴുവന്‍ സര്‍ക്കാര്‍ നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അപകടത്തില്‍പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം സ്വീകരിച്ചുകഴിഞ്ഞതായും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന കാര്യം പെട്രോളിയം മന്ത്രാലയം നാളെ തീരുമാനിക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അതിനിടെ ചാല ടാങ്കര്‍ അപകടത്തില്‍ ഐ.ഒ.സിയുടെ പങ്കും അന്വേഷിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം പറഞ്ഞു. അപകടം സംബന്ധിച്ച അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചാല ടാങ്കര്‍ അപകടത്തില്‍ ഇതുവരെ 18 പേരാണ് മരിച്ചത്. അഞ്ച് പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തന്നെയാണ്.