എഡിറ്റര്‍
എഡിറ്റര്‍
തന്റെ മതേതര പാരമ്പര്യം തകര്‍ക്കാന്‍ ആസൂത്രിത ഗൂഡാലോചന: ചെന്നിത്തല
എഡിറ്റര്‍
Tuesday 29th January 2013 2:45pm

തിരുവന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്ഥാവനക്ക് ചെന്നിത്തലയുടെ മറുപടി. താന്‍ മത്സരിച്ചത് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.

Ads By Google

എന്തുവന്നാലും ഈ മന്ത്രിസഭയിലേക്ക് ഇല്ലെന്നും മന്ത്രിയാകേണ്ടത് തന്റെ ഇഷ്ടമാണെന്നും ചെന്നിത്തല തിരുവന്തപുരത്ത് പറഞ്ഞു.

തനിക്കെതിരെയുള്ള ഗൂഢാലോചനകള്‍ മാധ്യമങ്ങള്‍ കണ്ടെത്തണം. അങ്ങനെയൊരു സംശയം തനിക്കുണ്ട്. കൂടുതല്‍ കണ്ടെത്തേണ്ടത് അന്വേഷണകുതുകികളായ മാധ്യമപ്രവര്‍ത്തകരാണെന്നും ചെന്നിത്തല പറഞ്ഞു.

സാമുദായിക സംഘടനകള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്യം ഉണ്ട്. അവരുടെ അഭിപ്രായം തിരസ്‌കരിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ താന്‍ മതേതരസ്വഭാവമുള്ള കോണ്‍ഗ്രസ്സുകാരനാണെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.

താന്‍ ഇപ്പോഴും ഇരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ താക്കോല്‍ സ്ഥാനത്ത് തന്നെയാണ്. നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് കെ.പി.സിസിയും എന്‍.എസ്.എസുമായി ധാരണ ഉണ്ടായിട്ടില്ല. എന്നാല്‍ എ.ഐ.സി.സിയുമായി എന്തെങ്കിലും ധാരണ ഉണ്ടോയെന്ന് തനിക്കറിയില്ലായെന്നും ചെന്നിത്തല വ്യക്തമാക്കി.

കെ.എസ്.യു പ്രവര്‍ത്തകനായാണ് പൊതു ജീവിതം ആരംഭിച്ചത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി കറതീര്‍ന്ന മതേതര കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് മുന്നോട്ടു പോയിട്ടുള്ളത്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ വിഭാഗങ്ങളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. ആ ഉറച്ച നിലപാടില്‍ നിന്ന് മുന്നോട്ടു പോകും. സാമുദായിക സാമൂഹ്യ സംഘടനകളോട് എന്നും വിശാലമായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.

വളെരെ കരുതിയാണ് ചെന്നിത്തല എന്‍.എസ്.എസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്. സുകുമാരന്‍ നായരുടെത് സ്വന്തം അഭിപ്രായമാണെന്നും അതിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ട്ടി ഹൈക്കമാന്റ് ഏല്‍പ്പിച്ച ദൗത്യം നിറവേറ്റാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പു വിജയങ്ങളുടെ പരമ്പര തുടരുകയാണ് എന്റെ ലക്ഷ്യം  രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാവരുടേയും പ്രസ്ഥാവനക്ക് അപ്പോള്‍ തന്നെ മറുപടി പറയാനാകില്ലെന്നും എല്ലാത്തിനും സംയമനം പാലിക്കണമെന്നും  ചെന്നിത്തല വ്യക്തമാക്കി.

Advertisement