എഡിറ്റര്‍
എഡിറ്റര്‍
‘ബജറ്റ് ചോര്‍ന്നു, ധനമന്ത്രി വായിക്കുന്ന ബജറ്റ് ഇതാണ്; ബാക്കി വേണമെങ്കില്‍ ഞാന്‍ വായിക്കാം’: ബജറ്റിന്റെ കോപ്പി ഉയര്‍ത്തി നിയമസഭയില്‍ ചെന്നിത്തല
എഡിറ്റര്‍
Friday 3rd March 2017 11:26am

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം രംഗത്ത്. ധനമന്ത്രി തോമസ് ഐസക് സഭയില്‍ ബജറ്റ് പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ബജറ്റിന്റെ കോപ്പി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

‘സാധാരണയായി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനുശേഷമാണ് മാധ്യമങ്ങള്‍ക്കും എം.എല്‍.എമാര്‍ക്കും ഈ കോപ്പി കിട്ടാറുള്ളത്. എന്നാല്‍ ധനമന്ത്രിയുടെ പ്രസംഗം സോഷ്യല്‍ മീഡിയകളിലൂടെ ലഭിച്ചിരിക്കുകയാണ്. ധനമന്ത്രി ഇനി വായിക്കാന്‍ പോകുന്നത് താന്‍ വായിക്കാം’ എന്നും കോപ്പി ഉയര്‍ത്തിക്കാട്ടി ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പരിശോധിച്ചശേഷം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ അറിയിച്ചു.


Must Read: ‘സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങി’ ബി.ജെ.പി നേതാവിനെതിരെ പരാതിയുമായി ആര്‍.എസ്.എസ് മുഖ്യശിക്ഷക്


ബജറ്റ് ചോര്‍ത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം സംബന്ധിച്ച് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ചില പ്രധാന ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നും അതാണ് പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാല്‍ മുഖ്യമന്ത്രി പറയുന്നതുപോലെയല്ല കാര്യമെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും ബജറ്റ് പൂര്‍ണമായി താന്‍ ഇവിടെ വായിച്ചുനല്‍കാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.

‘ചില ഭാഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ലൈവായിട്ട് പോകുന്നുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് അങ്ങനെയല്ല. ചിലവ് റവന്യൂവരുമാനം റവന്യൂ കമ്മി ഇതെല്ലാം പുറത്തുപോയിരിക്കുകയാണ്. ഇത് ഞാന്‍ അങ്ങേക്ക് തരാം. ബഡ്ജറ്റിന്റെ വിശ്വാസ്യത പോയി. ഇത് ആദ്യത്തെ സംഭവമാണ്.’ അദ്ദേഹം പറഞ്ഞു.

Advertisement