തിരുവനന്തപുരം: മന്ത്രിമാരെ പോലും കണ്ട് പരാതി പറയാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പറ്റാത്ത അവസ്ഥയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ ഫോണില്‍ അശ്ലീല സംഭാഷണം നടത്തി എന്ന വാര്‍ത്തയോട് പ്രതികരിച്ച് കൊണ്ടാണ് രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

പരാതി പറയാന്‍ എത്തിയ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തി എന്നാണ് ഇന്ന് സംപ്രേക്ഷണം ആരംഭിച്ച മംഗളം ടെലിവിഷന്‍ ചാനല്‍ വാര്‍ത്ത നല്‍കിയത്. ഇതിന് തെളിവെന്നോണം സംഭാഷണത്തിന്റെ ശബ്ദരേഖയും ചാനല്‍ പുറത്തു വിട്ടിരുന്നു. ശബ്ദരേഖയുടെ ആധികാരികത സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.


Also Read: ഈ രാജി കുറ്റസമ്മതല്ല; എന്റെ ധാര്‍മ്മിക ബാധ്യത തിരിച്ചറിഞ്ഞാണ്: എന്‍.കെ ശശീന്ദ്രന്‍ 


ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ശരിയെന്ന് തെളിഞ്ഞാല്‍ മന്ത്രിയോട് രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജി വെച്ചതായി മാധ്യമങ്ങളെ അറിയിച്ചു.

പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ ശശീന്ദ്രന്‍. നേരത്തേ ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ രാജി വെച്ചിരുന്നു.