ന്യൂദല്‍ഹി:ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതുവരെ നിരാഹാരസമരം തുടരുമെന്ന് യോഗഗുരു ബാബാ രാംദേവ്. നിരാഹാരസമരത്തിനായി രാംലീലാ മൈതാനത്തെ കൂറ്റന്‍ പന്തലിലെ സൗകര്യങ്ങള്‍ കള്ളപ്പണംകൊണ്ട് ഒരുക്കിയതല്ലെന്നും തന്റെ നിരാഹാരസമരത്തിനുപിന്നില്‍ രഹസ്യഅജന്‍ഡയോ രാഷ്ട്രീയതാല്‍പര്യങ്ങളോ ഇല്ലെന്നും രാംദേവ് വ്യക്തമാക്കി.

അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്തി രാജ്യത്ത് തിരിച്ചെത്തിക്കണമെന്നുമാണ് രാംദേവ് ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇതിനായി കര്‍മസമിതിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം രാംദേവ് സന്യാസിയല്ലെന്നും നല്ലൊരു ബിസിനസുകാരനാണെന്നും യോഗയുടെ മറവില്‍ കാശുണ്ടാക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നുംകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അണ്ണാ ഹസാരെ മോഡല്‍ സമരത്തിനിറങ്ങിയിരിക്കുന്ന രാംദേവിനു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹത്തിനു പിന്തുണ നല്‍കില്ലെന്നും ബോളിവുഡ് താരം ഷാരുഖ് ഖാനും പ്രഖ്യാപിച്ചിരുന്നു.

നാളെ തുടങ്ങാനിരിക്കുന്ന സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടില്‍നില്‍ക്കുന്ന രാംദേവുമായി സര്‍ക്കാര്‍ ഇന്ന് അവസാനവട്ട ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്.