Categories

സോണിയയ്ക്ക് രാഷ്ട്രീയമാകാമെങ്കില്‍ രാംദേവിനുമാകാം:ശിവസേന

ന്യൂദല്‍ഹി:വിദേശിയായ സോണിയാ ഗാന്ധിയ്ക്ക് ദേശീയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായി തുടരാമെങ്കില്‍ ബാബാ രാംദേവിന് സജീവരാഷ്ട്രീയത്തില്‍ പങ്കാളിയാകാമെന്ന് ശിവസേന. ശിവസേനയുടെ പ്രസിദ്ധീകരണമായ സാംനയുടെ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അഴിമതിയെ നേരിടാന്‍ നിരാഹാരം സമരമുറയായി സ്വീകരിച്ച ബാബാ രാംദേവിനെ ശിവസേന കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം ഒരു ഇന്ത്യക്കാരനായ രാംദേവിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിയായില്ലെന്നും അവര്‍ പറയുന്നു.

നിരാഹാരം കിടന്നതുകൊണ്ടോ വെറുതെ സംസാരിച്ചതുകൊണ്ടോ അഴിമതി ഇല്ലാതാവാന്‍ പോകുന്നില്ല. നിലവിലുള്ള സര്‍ക്കാര്‍ മാറിയെങ്കില്‍മാത്രമേ ഇതിനു പരിഹാരം കാണാനാവൂയെന്ന് സേന പറയുന്നു. അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന ഈ സര്‍ക്കാരിനു പകരം സുതാര്യമായ ഒരു ഭരണസംവിധാനം രാജ്യത്ത് നടപ്പിലാകണം.

രാംലീലാ മൈതാനിയില്‍ നിരാഹാരമനുഷ്ഠിക്കാനുള്ള അനുവാദം രാംദേവിനുണ്ടായിരുന്നില്ലെന്ന യു.പി.എ സര്‍ക്കാരിന്റെ വാദത്തെയും സേന വിമര്‍ശിക്കുന്നുണ്ട്. അനുമതിയില്ലാതെയാണ് ബാബ നിരാഹാരമിരുന്നതെങ്കില്‍ പിന്നെന്തിനാണ് യു.പി.എ സര്‍ക്കാരിന്റെ മുതിര്‍ന്ന നാലു മന്ത്രിമാര്‍ ബാബയെ നിരാഹാരത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതെന്ന ചോദ്യവും ശിവസേന ഉന്നയിക്കുന്നു.

അതൊടൊപ്പംതന്നെ നിരാഹാരശ്രമം പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബാബയ്ക്കുതന്നെയാണെന്നും സേന കുറ്റപ്പെടുത്തുന്നു. ജന്തര്‍മന്തറില്‍ അണ്ണാ ഹസാരെ നടത്തിയ നിരാഹാരത്തിന് തൊട്ടുപിന്നാലെ ഇത്തരമൊരു സമരമുറ ബാബയെടുക്കേണ്ട ആവശ്യമില്ലായിരുന്നെന്നും സേന അഭിപ്രായപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.