RAMDEV-AND-BALAKRISHNAന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ സ്ഥാപനങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷിക്കാന്‍ ഉത്തരവ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സമരം ചെയ്ത യോഗാ ഗുരു ബാബാ രാംദേവിന്റെയും മുഖ്യ അനുയായി ആചാര്യ ബാലകൃഷ്ണയെക്കുറിച്ചും അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഉത്തരവിട്ടത്.

ഹരിദ്വാറില്‍ ആശ്രമം സ്ഥാപിക്കുന്നതിനായി ബാബാ രാംദേവിന് സ്ഥലം അനുവദിച്ചിരുന്നില്ലെന്നും രാംദേവ് 58 ലക്ഷം രൂപ വെട്ടിച്ചതായും ഹരിദ്വാര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ ആയിരിക്കും കേസ് അന്വേഷിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. രാംദേവിന്റെ സ്ഥാപനങ്ങളില്‍ നിര്‍മിക്കുന്ന മരുന്നുകളെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണം നടത്തുന്നുണ്ട്.

രാംലീലാ മൈതാനിയില്‍ രാംദേവിന്റെ അറസ്റ്റിനെ തുടര്‍ന്ന് കാണാതായ ആചാര്യ ബാലകൃഷ്ണ ഹരിദ്വാറില്‍ രാംദേവിന്റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. നേപ്പാളി സ്വദേശിയായ ബാലകൃഷണ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ആയുധ ലൈസന്‍സും കൈവശപ്പെടുത്തിയത് നിയമം മറികടന്നാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ബാലകൃഷ്ണ കയ്യില്‍ ആയുധങ്ങള്‍ സൂക്ഷിക്കുകയും രണ്ട് ലൈസന്‍സ് കൈവശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഭൂമി കൈവശപ്പെടുത്തിയതെങ്ങനെയെന്നും അന്വേഷണപരിധിയില്‍ ഉള്‍പ്പെടും. ബാലകൃഷ്ണ നേപ്പാള്‍ പൗരനാണെന്നും അവിടെ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് ഇന്ത്യയിലേക്ക് മുങ്ങിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.

ബാലകൃഷ്ണയുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ആദായനികുതിവിഭാഗമാണ് അന്വേഷണം നടത്തുന്നത്. രാംദേവിന്റെ കോടികള്‍ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യം ബാലകൃഷ്ണയുടെ നിയന്ത്രണത്തിലാണ്. പതഞ്ജലി യോഗപീഠത്തിനും ദിവ്യയോഗമന്ദിറിനും കീഴിലുള്ള 34 കമ്പനികളുടെ ചുമതല കൈയാളുന്നതും ഇദ്ദേഹമാണ്. ഹരിദ്വാറിലും ഉത്തരാഖണ്ഡിന്റെ മറ്റു ഭാഗങ്ങളിലുമായി ആയിരത്തിലേറെ ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ട്രസ്റ്റ് പദ്ധതികള്‍ ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 1100 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കിയിരുന്നു. 34 കമ്പനികളിലും ഡയറക്ടര്‍ സ്ഥാനവും ബാലകൃഷ്ണ കയ്യാളുന്നുണ്ട്.