Administrator
Administrator
രാമനാഥപുരം: പോലീസ് നടപടിയെ ന്യായീകരിച്ച് ജയലളിത
Administrator
Tuesday 13th September 2011 9:14am

ramanatha-puram-incidentചെന്നൈ: രാമനാഥപുരത്ത് പോലീസ് വെടിവെപ്പ് നടന്ന സംഭവത്തെക്കുറിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത നിയമസഭയെ അറിയിച്ചു. ശക്തമായ ആക്രമണമുണ്ടായ സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നെന്ന് പോലീസ് നടപടിയെ ന്യായീകരിച്ച് ജയലളിത വ്യക്തമാക്കി. സ്വയരക്ഷയ്ക്കു വേണ്ടിയും പൊതുമുതല്‍ സംരക്ഷിക്കാന്‍ വേണ്ടിയുമാണ് പോലീസ് ഇതു ചെയ്തത്. വര്‍ഗീയ പ്രശ്‌നങ്ങളാണു സംഘര്‍ഷത്തിനു പിന്നിലെന്ന സൂചനയാണു ലഭിക്കുന്നതെന്നും ജയലളിത പറഞ്ഞു.

അതേസമയം തമിഴ്‌നാട്ടില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവയ്പില്‍ ഏഴു പേര്‍ മരിച്ച രാമനാഥപുരം ജില്ല സാധാരണനിലയിലേക്കു മടങ്ങുകയാണ്. വെടിവെപ്പു നടന്ന പരമക്കുടി ഉള്‍പ്പെടെ ജില്ലയുടെ എല്ലാ മേഖലകളിലും സ്ഥിതി ശാന്തമാണെന്നു കലക്ടര്‍ എന്‍. അരുണ്‍ റോയി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വെടിവയ്പില്‍ പരുക്കേറ്റ രണ്ടു പേര്‍ ഇന്നലെ ആശുപത്രിയില്‍ മരിച്ചതോടെയാണു മരണസംഖ്യ ഏഴായി ഉയര്‍ന്നത്.

Advertisement